കൊച്ചി: ‘സേവ് ബോക്സ്’ ആപ്പുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ പ്രതികരണവുമായി നടന് ജയസൂര്യ. നിയമാനുസൃതമായി സാമ്പത്തിക ഇടപാടുകള്‍ നടത്തി നികുതി അടക്കുന്ന ഉത്തരവാദിത്തപ്പെട്ട പൗരന് മാത്രമാണ് താനെന്നും തന്നെ കുറിച്ചുള്ള നുണ പ്രചരണം അവസാനിപ്പിക്കണമെന്നും ജയസൂര്യ പറഞ്ഞു. പരസ്യ ആവശ്യങ്ങൾക്കും മറ്റുമായി സമീപിക്കുന്നവർ നാളെ എന്തൊക്കെ തട്ടിപ്പുകൾ ഒപ്പിക്കുമെന്ന് ആർക്കെങ്കിലും ഊഹിക്കാൻ സാധിക്കുമോ എന്നും ജയസൂര്യ ചോദിച്ചു.

“രണ്ട് ദിവസമായി എന്നെ കുറിച്ചുള്ള നുണ പ്രചരണം കണ്ട് അന്തം വിട്ടിരിക്കുകയാണ് ഞാൻ. കാരണം എനിക്ക് സമൻസ് തന്നു, 7 ആം തീയതി ഞാൻ വീണ്ടും ഹാജരാകണം എന്ന് പറഞ്ഞ് തുടങ്ങിയതാണ് ഈ നുണ പ്രചരണം.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി ചാനലിലൂടെ സമൻസ് കിട്ടുന്നതല്ലാതെ നേരിട്ട് ഈ കുറിപ്പ് എഴുതുന്ന നിമിഷം വരെ എനിക്കോ, എന്റെ ഭാര്യയ്ക്കോ ED യിൽ നിന്ന് അങ്ങനെയൊരു സമൻസ് ലഭിച്ചിട്ടില്ല. 24 ന് ഹാജരാകണം എന്ന സമൻസ് കിട്ടി ഞാൻ ഹാജരായി. 29 നും ഹാജരാകണം എന്ന് പറഞ്ഞു അതിനും ഞങ്ങൾ ഹാജരായിരുന്നു. അല്ലാതെ 7 ആം തീയതി വീണ്ടും ഹാജരാകാനുള്ള സമൻസ് ഞങ്ങൾക്ക് ഇതുവരെയും ലഭിച്ചിട്ടില്ല.

നമ്മളെ പരസ്യ ആവശ്യങ്ങൾക്കും മറ്റുമായി സമീപിക്കുന്നവർ നാളെ എന്തൊക്കെ തട്ടിപ്പുകൾ ഒപ്പിക്കുമെന്ന് നമുക്ക് ആർക്കെങ്കിലും ഇന്ന് ഊഹിക്കാൻ സാധിക്കുമോ?

എല്ലാവിധ സാമ്പത്തിക ഇടപാടുകളും നിയമാനുസൃതമായി മാത്രം നടത്തി കൃത്യമായ നികുതി പൊതു ഖജനാവിൽ അടയ്ക്കുന്ന ഉത്തരവാദിത്വപ്പെട്ട ഒരു സാധാരണ പൗരൻ മാത്രമാണ് ഞാൻ,” ജയസൂര്യയുടെ പ്രതികരണകുറിപ്പ് ഇങ്ങനെ.
