ഹേമാ കമ്മിറ്റി രൂപീകരണത്തിന് മുമ്പ് താരസംഘടനയായ അമ്മയിലെ സ്ത്രീകള്‍ അവര്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. ഇതിന്റെ വീഡിയോ ചിത്രീകരിച്ച കുക്കു പരമേശ്വരനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി പൊന്നമ്മ ബാബു.
അമ്മയില്‍ അംഗങ്ങളായ സ്ത്രീകളുടെ വെളിപ്പെടുത്തലുകള്‍ എവിടെപ്പോയെന്ന് പൊന്നമ്മ ബാബു ചോദിച്ചു. കുക്കു പരമേശ്വരനാണ് സ്ത്രീകളുടെ ദുരനുഭവങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയത്. എന്നാല്‍ മെമ്മറി കാര്‍ഡ് ഹേമാ കമ്മിറ്റിയിലില്ല. ഇടവേള ബാബുവിന്റേയും കുക്കു പരമേശ്വരന്റേയും കൈയിലാണ് മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നതെന്നും പൊന്നമ്മാ ബാബു മാധ്യമങ്ങളോട് പറഞ്ഞു.

അമ്മയിലെ സ്ത്രീകള്‍ വെളിപ്പെടുത്തലുകള്‍ നടത്തിയപ്പോള്‍ രണ്ട് ക്യാമറ ഓണ്‍ചെയ്തു വെച്ചിട്ടുണ്ടായിരുന്നെന്നും വീഡിയോ ചിത്രീകരിച്ച് പോയ കുക്കു പരമേശ്വരന് ആ മെമ്മറി കാര്‍ഡ് ഇടവേള ബാബുവിനെ ഏല്പിച്ചു എന്നാണ് പറഞ്ഞതെന്നും പൊന്നമ്മ വ്യക്തമാക്കി.
രണ്ട് ക്യാമറ ഓണ്‍ചെയ്തുവെച്ചിട്ടുണ്ടായിരുന്നു. വിഷമങ്ങളോ ബുദ്ധിമുട്ടുകളോ ആര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ പറയൂ എന്നും അത് വേണ്ടപ്പെട്ടവരെ അറിയിച്ച് നിങ്ങള്‍ക്ക് നീതി വാങ്ങിത്തരും എന്നും അവരോട് പറഞ്ഞു. അപ്പോള്‍ പാവങ്ങളായ അവര്‍ അവരുടെതായ ഒരുപാട് വിഷമങ്ങള്‍ പറഞ്ഞു. അതെല്ലാം ഷൂട്ട് ചെയ്ത സമയത്ത് എന്തിനാണ് അതെല്ലാം ഷൂട്ട് ചെയ്യുന്നതെന്ന് ഉഷയും പ്രിയങ്കയും ചോദിച്ചു. നിങ്ങള്‍ക്കിങ്ങനെ ഉണ്ടായവിവരം അവരെ അറിയിക്കണമല്ലോ അതുകൊണ്ടാണ് ഷൂട്ട് ചെയ്തതെന്നാണ് അവര്‍ മറുപടി പറഞ്ഞത്. അവര്‍ വീഡിയോ ഷൂട്ട്ചെയ്ത് പോയി. പലപ്പോഴും കുക്കുവിനോട് ചോദിച്ചപ്പോള്‍ അത് സേഫായി കൈയിലുണ്ട് എന്ന് പറഞ്ഞു. ഇടവേള ബാബുവിനെ ഏല്പിച്ചു എന്നാണ് പറഞ്ഞത്. എന്നാല്‍ പിന്നീട് ഇതേപ്പറ്റി ഒന്നും പറഞ്ഞില്ല, പൊന്നമ്മ ബാബു പറഞ്ഞു. ഹാര്‍ഡ് ഡിസ്ക്ക് ആരുടെ കൈയിലാണ്, അതെവിടെ എന്നൊന്നും അറിയില്ലെന്നും അവര്‍ പ്രതികരിച്ചു.
അമ്മയുടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കുക്കു പരമേശ്വരന് യോഗ്യതയില്ലെന്ന് പറഞ്ഞ് പൊന്നമ്മാബാബു രംഗത്തെത്തിയിരുന്നു. അംഗങ്ങളായ സ്ത്രീകളുടെ വെളിപ്പെടുത്തലുകള്‍ ഷൂട്ട് ചെയ്ത വീഡിയോ കുക്കു പരമേശ്വരന് ദുരുപയോഗപ്പെടുത്തുമെന്ന കാരണമാണ് പ്രധാനമായും പൊന്നമ്മാ ബാബു ഉന്നയിച്ചിരുന്നത്.

