തമിഴ് നാടിന്റെയും കേരളത്തിന്റെയും ചരിത്ര-സാമൂഹിക പശ്ചാത്തലത്തിൽ സഖാവ് പി. കൃഷ്ണപിള്ളയുടെ ജീവിതത്തിലെ സുപ്രധാന മുഹൂർത്തങ്ങൾ കോർത്തിണക്കി ഒരു ചിത്രം. ജനമനസുകളിൽ ഇപ്പോഴും ജീവിക്കുന്ന കൃഷ്ണപിള്ളയായി ദേശീയ പുരസ്കാര ജേതാവ് സമുദ്രക്കനി ഒരിക്കൽകൂടി അരങ്ങു നിറയുന്ന ‘വീരവണക്കം’ തിയേറ്ററുകളിൽ ഓളം തീർത്തു തുടങ്ങി.

തമിഴ്-മലയാളം ഭാഷകളിലായി അനിൽ.വി.നാഗേന്ദ്രൻ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം തമിഴ്നാട്ടിലും കേരളത്തിലും ഒരേ ദിവസമാണ് പ്രദർശനത്തിനെത്തിയത്.
10വർഷം മുൻപ് പി.കൃഷ്ണപിള്ളയുടെ ജീവിതം അഭ്രപാളികളിലെത്തിച്ച് അനിൽ സംവിധാനം ചെയ്ത ആദ്യ ചിത്രമായ ‘വസന്തത്തിന്റെ കനൽവഴികൾ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘വീര വണക്കം’.

കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആവിർഭാവവും സഖാവ് പി .കൃഷ്ണപിള്ളയെന്ന അസാധാരണ വിപ്ലവകാരിയുടെ പോരാട്ട ചരിത്രവുമൊക്കെ അതിന്റെ തീവ്രതയോടെ കാട്ടിത്തന്ന ‘വസന്തത്തിന്റെ കനൽവഴി’കളിലും സമുദ്രക്കനി തന്നെയായിരുന്നു കൃഷ്ണപിള്ളക്ക് ജീവൻ പകർന്നത്. പെരുമ്പാവൂർ.ജി.രവീന്ദ്രനാഥ്,ജെയിംസ് വസന്തൻ,സി.ജെ.കുട്ടപ്പൻ,അഞ്ചൽ ഉദയകുമാർ എന്നിവരാണ് സംഗീതം പകർന്നിരിക്കുന്നത്. തമിഴ്നാട്ടിൽ വലിയവിതരണക്കമ്പനിയായ റെഡ്ജെയന്റും കേരളത്തിൽ ഫിയോക്കുമാണ് ചിത്രം പ്രദർശനത്തിനെത്തിച്ചത്.

