ഇന്ത്യന്‍ സിനിമയുടെ ദി വണ്‍ ആന്‍ഡ് ഒണ്‍ലി കിങ് ഖാന് നവംബര്‍ രണ്ടിന് 59-ാം പിറന്നാളാണ്. പിറന്നാള്‍ ദിനത്തില്‍ ഷാരൂഖ് ഖാന്റെ ചിത്രങ്ങളെകുറിച്ച് ചര്‍ച്ച ചെയ്യുകയാണ് ആരാധകര്‍.

കിങ് ഓഫ് റൊമാന്‍സ് എന്നാണ് ഷാരൂഖ് ഖാന്റെ വിശേഷണമെങ്കിലും താരത്തിന് പ്രണയകഥകളോട് താത്പര്യമില്ലെന്നാണ് ഷാരൂഖിന്റെ റൊമാന്റിക് ഹിറ്റ് ചിത്രങ്ങളിലൊന്നായ കല് ഹോ ന ഹോയുടെ സംവിധായകൻ നിഖില്‍ അദ്വാനി പറയുന്നത്. ഷാരൂഖിന്റെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രങ്ങളിലൊന്നായ കുച്ച് കുച്ച് ഹോത്താഹെയുടെയും കഭി ഖുഷി കഭി ഹമ്മിന്റെയും സഹസംവിധായകനുമായിരുന്നു നിഖില്‍.
എന്നാല്‍ ഇത്രയധികം റൊമാന്റിക് ഹിറ്റ് ചിത്രങ്ങളിലഭിനയിച്ചിട്ടും ഷാരൂഖിന് പ്രണയകഥകളോട് വെറുപ്പാണെന്നാണ് നിഖില്‍ പറയുന്നത്. മാത്രമല്ല ഷാരൂഖിന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രം ബോക്സ് ഓഫീസില്‍ പരാജയമായ ചിത്രമാണ്. മണിരത്നം സംവിധാനം ചെയ്ത ഷാരൂഖ്-മനീഷ കൊയ്രാള ചിത്രം ദില്‍ സേ.

ദില്‍ സേ ഇന്ത്യയില്‍ പരാജയമായിരുന്നുവെങ്കിലും വിദേശരാജ്യങ്ങളില്‍ വിജയം നേടിയിരുന്നു. വിദേശപ്രേക്ഷകര്ക്കിടയില് ഷാരൂഖിന് സ്ഥാനം നേടിക്കൊടുത്തതും ദില്‍ സേ തന്നെയാണ്.

