
കോമഡിയാണെങ്കിലും ക്യാരക്ടര്‍ റോളുകളാണെങ്കിലും അനായാസം കൈകാര്യം ചെയ്യുന്ന താരമാണ് സുരഭി ലക്ഷ്മി. രണ്ട് പതിറ്റാണ്ടിലേറെയായി അഭിനയലോകത്തുള്ള താരം ഇപ്പോഴിതാ ആക്ഷനിലും ഒരു കൈ നോക്കാന്‍ ഇറങ്ങുകയാണ്. ആഷിഖ് അബുവിന്റെ പുതിയ ചിത്രമായ ‘റൈഫിള്‍ ക്ലബ്’ അണിയറപ്രവര്‍ത്തകര്‍ സുരഭിയുടെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ടിരിക്കുന്ന ക്യാരക്ടര്‍ പോസ്റ്റര്‍ നിമിഷ നേരം കൊണ്ട് ഏവരുടേയും ശ്രദ്ധ കവര്‍ന്നിരിക്കുകയാണ്. തോക്കുമായി നില്ക്കുന്ന സൂസന് എന്ന കഥാപാത്രത്തിന്റെ ലുക്കാണ് പോസ്റ്ററിലുള്ളത്.

താരത്തിന്റെ കരയറിലെ തന്നെ ആദ്യത്തെ ആക്ഷന്‍ റോളാണിത്. ‘ഹാപ്പി ബര്‍ത്ത് ഡേ സൂസന്’ എന്ന കുറിപ്പോടെയാണ് ആഷിഖ് അബു സോഷ്യല്‍മീഡിയയില്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെ ‘എആര്‍എം’ എന്ന ചിത്രത്തിലെ മാണിക്യം എന്ന സുരഭിയുടെ വേഷം ഒട്ടേറെ പ്രേക്ഷക – നിരൂപക പ്രശംസ നേടിയിരുന്നു.
പ്രശസ്ത ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപും നടന് സുരേഷ് കൃഷ്ണയും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളിലുണ്ട്. ഇവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ദയാനന്ദ് ബാരെ എന്ന കഥാപാത്രത്തെയാണ് അനുരാഗ് കശ്യപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മലയാളത്തിലെ അദ്ദേഹത്തിന്റെ അരങ്ങേറ്റം കൂടിയാണ് ‘റൈഫിള്‍ ക്ലബ്’. ഡോ. ലാസര്‍ എന്ന കഥാപാത്രമായാണ് സുരേഷ് കൃഷ്ണ എത്തുന്നത്.
ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, വിന്‍സന്റ് വടക്കന്‍, വിശാല്‍ വിന്‍സന്റ ടോണി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം വൈകാതെ റിലീസിനെത്തുമെന്നാണ് സൂചന. ദിലീഷ് പോത്തന്, വാണി വിശ്വനാഥ്, എന്നിവരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലുണ്ട്. സിനിമയുടെ ഛായാഗ്രഹണവും ആഷിഖ് അബു തന്നെയാണ് നിര്‍വഹിക്കുന്നത്. വിജയരാഘവന്, റാഫി, വിനീത് കുമാര്‍, സുരേഷ് കൃഷ്ണ, ഹനുമാന്‍കൈന്‍ഡ്, സെന്ന ഹെഗ്ഡെ, വിഷ്ണു അഗസ്ത്യ, ദര്‍ശന രാജേന്ദ്രന്, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കര്‍, നിയാസ് മുസലിയാര്‍, റംസാന് മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള്‍ ഷായ്സ്, സജീവ് കുമാര്‍, കിരണ്‍ പീതാംബരന്, ഉണ്ണി മുട്ടത്ത്, ബിബിന്‍ പെരുമ്പിള്ളി, ചിലമ്പന്, ഇന്ത്യന്‍ എന്നിവരടക്കമുള്ള വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.

റൈഫിള്‍ ക്ലബ്ബിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് നായര്‍, ശ്യാം പുഷ്കരന്, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ്. ‘മായാനദി’ക്ക് ശേഷം ആഷിക്ക് അബു, ശ്യാം പുഷ്കരന്, ദിലീഷ് നായര്‍ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘മഞ്ഞുമ്മല്‍ ബോയ്സി’ലൂടെ വലിയ ജനപ്രീതി നേടിയ അജയന് ചാലിശ്ശേരിയാണ് റൈഫിള്‍ ക്ലബ്ബിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മേക്കപ്പ്: റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം: മഷര്‍ ഹംസ, എഡിറ്റര്‍: വി സാജന്, സ്റ്റണ്ട്: സുപ്രീം സുന്ദര്‍, സംഗീതം: റെക്സ് വിജയന്, പ്രൊഡക്ഷന്‍ കണ്ട്രോളര്: കിഷോര്‍ പുറക്കാട്ടിരി, സ്റ്റില്‍സ്: റോഷന്, അര്ജുന് കല്ലിങ്കല്‍, പി.ആര്.ഒ: ആതിര ദില്‍ജിത്ത്.