ചെന്നൈ : സഖ്യത്തിന്റെ ബലത്താൽ വീണ്ടും അധികാരത്തിൽ എത്താനാകില്ലെന്ന് ഡി.എം.കെ.യെ വെല്ലുവിളിച്ച് തമിഴക വെട്രിക്കഴകം നേതാവ് വിജയ്. ഡോ. ബി.ആർ. അംബേദ്കറെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചതിനുശേഷം പ്രസംഗിക്കുകയായിരുന്നു വിജയ്.
ചിലർ സഖ്യത്തിന്റെ കണക്കുകൾ കൂട്ടിക്കൊണ്ടിരിക്കുകയാണെന്നും എന്നാൽ, 2026 നിയമസഭാ തിരഞ്ഞെടുപ്പോടെ ഈ സഖ്യം പൂജ്യമായി തീരുമെന്നും വിജയ് പറഞ്ഞു. തമിഴ്നാടിന്റെ നന്മയ്ക്കായി ജനങ്ങളെ സ്നേഹിക്കുന്ന സർക്കാർ വരണമെന്നും അഭിപ്രായപ്പെട്ടു. ഡി.എം.കെ. സഖ്യകക്ഷിയായ വി.സി.കെ.യുടെ നേതാവ് തിരുമാവളവനും പുസ്തകപ്രകാശനച്ചടങ്ങിൽ പങ്കെടുക്കേണ്ടതായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
എന്നാൽ, വിജയ്യുമായി വേദി പങ്കിടുന്നത് സഖ്യം സംബന്ധിച്ച തെറ്റായ പ്രചാരണങ്ങൾക്ക് കാരണമാകുമെന്ന് പറഞ്ഞ് തിരുമാവളവൻ ചടങ്ങിൽനിന്ന് വിട്ടുനിന്നു. ഈ പശ്ചാത്തലത്തിലാണ് സഖ്യത്തെക്കുറിച്ചുള്ള വിജയ്യുടെ വെല്ലുവിളി. സഖ്യസമ്മർദം മൂലം തിരുമാവളവന് ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ മനസ്സ് തങ്ങൾക്ക് ഒപ്പമാണെന്ന് വിജയ് പറഞ്ഞു.
തമിഴ്നാട്ടിൽ നടക്കുന്ന പല സംഭവങ്ങളും സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണ്. ഇക്കാലത്ത് അംബേദ്കർ ജീവിച്ചിരുന്നുവെങ്കിൽ തല കുനിക്കുമായിരുന്നു. ഇതിന് മാറ്റമുണ്ടാകണം. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്ന സർക്കാർ വരണം. ജനാധിപത്യം ശക്തിപ്പെടാൻ നീതിപൂർവമായി തിരഞ്ഞെടുപ്പ് നടത്തണം. എന്നാൽ, കേന്ദ്ര സർക്കാർ ഇതിന് തയ്യാറാകുന്നില്ല. മണിപ്പുരിൽ അനീതി നടക്കുമ്പോൾ കേന്ദ്രം കാഴ്ച്ചക്കാരായി നിൽക്കുകയാണെന്നും വിജയ് പറഞ്ഞു.