കൊച്ചി: ഈ മാസം 22 ന് സൂചന പണിമുടക്ക് നടത്താനൊരുങ്ങി വിവിധ സിനിമാ സംഘടനകൾ. സംസ്ഥാന വ്യാപകമായി തിയറ്ററുകൾ ഉൾപ്പെടെ അടച്ചിട്ടു കൊണ്ടാണ് പണിമുടക്ക്. അതോടൊപ്പം സിനിമാ ഷൂട്ടിങ്ങുകളും നിർത്തി വയ്ക്കാനാണ് തീരുമാനം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് സമരം നടത്തുമെന്നും സംഘടനകൾ അറിയിച്ചു.

ജിഎസ്ടിയ്ക്ക് പുറമേയുള്ള വിനോദ നികുതി സംസ്ഥാന സർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പണിമുടക്ക് നടത്തുന്നത്. തിയറ്ററുകൾക്ക് മാത്രമായി ഒരു പ്രത്യേക വൈദ്യുതി താരിഫ് പ്രഖ്യാപിക്കുന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ കഴിഞ്ഞ ആറ് വർഷക്കാലമായി വിവിധ സിനിമാ സംഘടനകൾ ഉന്നയിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് സിനിമാ സംഘടനകൾ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു.

പലവട്ടം സർക്കാർ സംഘടനകളെ ചർച്ചയ്ക്ക് വിളിക്കുകയും ചെയ്തു. എന്നാൽ സംഘടനകളുടെ ഈ ആവശ്യങ്ങൾ തിരസ്കരിക്കുകയായിരുന്നു. സിനിമാ സംഘടനകളുമായി 14-ാം തീയതി വീണ്ടും ചർച്ച നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഫിലിം ചേംബറിന്റെ നേതൃത്വത്തിലാണ് മറ്റു സംഘടനകളെയും വിളിച്ചു ചേർത്തിരിക്കുന്നത്.

