ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ് നായകനാകുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിന് ഉടനടി സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് മദ്രാസ് ഹൈക്കോടതി നിർദ്ദേശം നൽകി. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകിയതിനെത്തുടർന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ച സാഹചര്യത്തിലാണ് ഇന്ന് കോടതിയുടെ ഈ സുപ്രധാന വിധി വന്നത്.

ജനുവരി ഒൻപതിന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ്, സെൻസർ ബോർഡിന്റെ നടപടികൾ നീണ്ടുപോയതിനാലാണ് അനിശ്ചിതത്വത്തിലായത്. കേസ് പരിഗണിച്ച ജസ്റ്റിസ് പി.ടി. ആശ, ചിത്രത്തിനെതിരെ ഉന്നയിക്കപ്പെട്ട പരാതികൾ ദുരുദ്ദേശപരമാണെന്നും പിൽക്കാലത്ത് പടച്ചുണ്ടാക്കിയവയാണെന്നും നിരീക്ഷിച്ചു. ഇത്തരം പരാതികൾക്ക് അമിത പ്രാധാന്യം നൽകുന്നത് സിനിമ വ്യവസായത്തിൽ അപകടകരമായ പ്രവണതകൾക്ക് വഴിവെക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് നൽകാമെന്ന് നേരത്തെ കമ്മിറ്റി അറിയിച്ചിരുന്നതാണ്. എന്നാൽ പിന്നീട് ഇത് പുനഃപരിശോധനയ്ക്ക് അയച്ച സെൻസർ ബോർഡ് ചെയർമാന്റെ നടപടി നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. ബോർഡ് നിർദ്ദേശിച്ച 27 മാറ്റങ്ങൾ വരുത്തി നിർമ്മാതാക്കൾ ചിത്രം വീണ്ടും സമർപ്പിച്ചിട്ടും സർട്ടിഫിക്കറ്റ് നൽകാത്തതിനെ കോടതി വിമർശിച്ചു.

പൂർണ്ണമായ രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകർ ‘ജനനായകനായി’ കാത്തിരിക്കുന്നത്. കോടതി വിധി അനുകൂലമായതോടെ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

