ചെന്നൈ: തമിഴ് നടൻ വിജയ് നായകനാകുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ റിലീസ് തടഞ്ഞ് ഹൈക്കോടതി. ചിത്രത്തിന് റിലീസ് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് താത്കാലികമായി സ്റ്റേ ചെയ്തു. പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തേണ്ടിയിരുന്ന ചിത്രത്തിന്റെ പ്രദർശനം ഇതോടെ വീണ്ടും വൈകും.

മദ്രാസ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് പ്രദർശനാനുമതി തടഞ്ഞത്. പൊങ്കൽ അവധി കഴിഞ്ഞ് കേസ് ജനുവരി 21 ലേക്ക് കോടതി മാറ്റി. ജനുവരി ഒൻപതിന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ്, സെൻസർ ബോർഡിന്റെ നടപടികൾ നീണ്ടുപോയതിനാലാണ് അനിശ്ചിതത്വത്തിലായത്.
കേസ് ആദ്യം പരിഗണിച്ച സിംഗിൾ ബെഞ്ച് ജഡ്ജി പി.ടി ആശ, ചിത്രത്തിനെതിരെ ഉന്നയിക്കപ്പെട്ട പരാതികൾ ദുരുദ്ദേശപരമാണെന്നും പിൽക്കാലത്ത് പടച്ചുണ്ടാക്കിയവയാണെന്നും നിരീക്ഷിച്ച് ഉടനടി സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് നിർദ്ദേശം നൽകുകയായിരുന്നു. ഇത്തരം പരാതികൾക്ക് അമിത പ്രാധാന്യം നൽകുന്നത് സിനിമ വ്യവസായത്തിൽ അപകടകരമായ പ്രവണതകൾക്ക് വഴിവെക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.

പൂർണ്ണമായ രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകർ ‘ജനനായകനായി’ കാത്തിരിക്കുന്നത്. കോടതി വിധിയിൽ തിരിച്ചടി നേരിട്ടതോടെ ചിത്രം എപ്പോൾ തിയേറ്ററുകളിൽ എത്തുമെന്ന ആശങ്കയിലാണ് ആരാധകർ.

