
സിനിമാ താരങ്ങളുടെ പ്രതിഫലത്തുകകള്‍ എപ്പോഴും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. ഓരോ സിനിമകള്‍ വിജയിക്കുമ്പോഴും ചില താരങ്ങള്‍ പ്രതിഫലം കൂട്ടാറുമുണ്ട്. ഇപ്പോഴിതാ തെലുങ്ക് സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടിക പുറത്തുവന്നിരിക്കുകയാണ്.

ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ മുന്നിലുള്ളത് നയന്‍താരയാണ്. 13 കോടി രൂപ മുതല്‍ 15 കോടി രൂപ വരെയാണ് നയന്‍താര ഓരോ സിനിമയ്ക്കും വാങ്ങുന്നതെന്ന് എന്റര്‍ടെയ്മെന്റ് മാധ്യമമായ ‘കൊയ്മൊയ്’ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
2006-ല്‍ പുറത്തിറങ്ങിയ വെങ്കടേഷ് നായകനായ ലക്ഷ്മി എന്ന ചിത്രത്തിലൂടെയാണ് നയന്‍താര തെലുങ്കില്‍ അരങ്ങേറുന്നത്. തുടര്‍ന്ന് സൈറാ നരസിംഹ റെഡ്ഡി, ശ്രീ രാമരാജ്യം, ഗോഡ്ഫാദര്ഡ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായി.
പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് അനുഷ്ക ഷെട്ടിയാണ്. നാല് കോടി മുതല്‍ ഏഴ് കോടി വരെയാണ് അനുഷ്കയുടെ പ്രതിഫലം. ബാഹുബലിയെ താരമായ അനുഷ്കയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ‘മിസ് ഷെട്ടി മിസ്റ്റര്‍ പോളി ഷെട്ടി’യാണ്.

അരവിന്ദ സമേത, അലവൈകുണ്ഠപുരമുലൂ തുടങ്ങിയ ഹിറ്റ് സിനിമകളിലൂടെ താരമൂല്യം വര്‍ധിച്ച പൂജ ഹെഗ്ഡെയാണ് മൂന്നാം സ്ഥാനത്ത്. ഏകദേശം അഞ്ച് കോടി രൂപയാണ് പൂജ ഒരു സിനിമയ്ക്കായി വാങ്ങുന്നത്. വിജയ് ചിത്രം ദളപതി 69-ലും നായികയായി എത്തുന്നത് പൂജയാണ്. നാല് മുതല്‍ ആറു കോടി രൂപ വരെ പ്രതിഫലം വാങ്ങുന്ന തൃഷ് കൃഷ്ണ നാലാമതും മൂന്ന് മുതല്‍ നാല് കോടി രൂപ വരെ പ്രതിഫലമുള്ള രശ്മിക മന്ദാന അഞ്ചാം സ്ഥാനത്തുമാണ്.
സാമന്ത റൂത്ത് പ്രഭുവാണ് ആറാമത്. മൂന്ന് കോടി മുതല്‍ അഞ്ച് കോടി വരെയാണ് സാമന്തയുടെ പ്രതിഫലം. വിജയ് ദേവരകൊണ്ട നായകനായ ഖുഷിയാണ് തെലുങ്കില്‍ സാമന്ത അവസാനമായി അഭിനയിച്ച ചിത്രം. ഗര്ഭിണായശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന കാജല്‍ അഗര്‍വാളിന് നിലവില്‍ രണ്ട് കോടിയാണ് പ്രതിഫലം. ബാലയ്യയ്ക്കൊപ്പം ഭഗവന്ത് കേസരി എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്ന കാജലിന്റെ തിരിച്ചുവരവ്. പ്രഭാസിനൊപ്പം കണ്ണപ്പ എന്ന ചിത്രത്തിലും അഭിനയിച്ച കാജലിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം സത്യഭാമയാണ്. ഈ വര്‍ഷം ഡിസംബറിലാണ് കണ്ണപ്പ റിലീസ് ചെയ്യുക.