കെ എസ് രവികുമാർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം പടയപ്പയ്ക്ക് രണ്ടാം ഭാഗം ആലോചനയിലെന്ന് സൂപ്പർസ്റ്റാർ രജനികാന്ത്. രജനികാന്തിന്റെ സിനിമ ജീവിതം അര നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് ചിത്രം റീറിലീസിനൊരുങ്ങുന്നതും അതിനോടനുബന്ധിച്ച് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുവെന്ന് സൂപ്പർസ്റ്റാർ വെളിപ്പെടുത്തുന്നതും.

“പടയപ്പ 2 എന്ത്കൊണ്ട് ആലോചിച്ചുകൂടാ എന്നൊരു ചിന്ത എപ്പോഴും മനസ്സിലുണ്ടായിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്സിൽ രമ്യ കൃഷ്ണൻ അവതരിപ്പിച്ച വില്ലത്തി കഥാപാത്രം നീലാംബരി രജനികാന്തിന്റെ പടയപ്പയോട് പറയുന്നുണ്ട്. ‘അടുത്ത ജന്മത്തിലെങ്കിലും നിന്നോട് പ്രതികാരം ചെയ്യും’ എന്ന്.
ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയ രമ്യ കൃഷ്ണന്റെ കഥാപാത്രം പൊന്നിയിൻ സെൽവൻ എന്ന ചരിത്ര നോവലിലെ നന്ദിനി എന്ന കഥാപാത്രത്തിന്റെ സ്വാധീനത്തിൽ ഉണ്ടായതാണ് എന്നും അതിന് പലരും പറയുന്നതുപോലെ ജയലളിതയുമായി ബന്ധമില്ല എന്നും രജനികാന്ത് പറയുന്നു. ആദ്യം ഐശ്വര്യ റായിയെ നായികയാക്കാൻ ശ്രമിച്ചു എങ്കിലും അവർക്ക് അതിൽ താല്പര്യം തോന്നിയില്ല എന്നും അത് പിന്നീട് രമ്യ കൃഷ്ണൻ ചെയ്തു എന്നും രജനി കൂട്ടി ചേർത്തു.

“രണ്ടാം ഭാഗത്തിന്റെ പേര് ‘നീലാംബരി’ എന്നായിരിക്കും, അതിന്റെ ചർച്ചകൾ നിലവിൽ തകൃതിയായി നടക്കുകയാണ്. കഥ വളരെ നന്നായി വന്നാൽ ചിത്രം ചെയ്യും. ‘നീലാംബരി’ എന്ന ചിത്രം പടയപ്പ ആരാധകർ ഒരു ഉത്സവം ആക്കി മാറ്റുമെന്ന് എനിക്ക് ഉറപ്പാണ്”. പടയപ്പ റീറിലീസുമായി അനുബന്ധിച്ച് സംഘടിപ്പിച്ച പ്രത്യേക വിഡിയോയിൽ രജനി പറയുന്നു.

