ആലപ്പുഴ: നടി ശ്വേതാ മേനോന്റെ പേരിലുള്ള കേസ് നിലനിൽക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ. അങ്ങനെയുള്ള കുറ്റമൊന്നും അവർ ചെയ്തിട്ടില്ല. സമ്പത്തിനുവേണ്ടി അവർ അങ്ങനെ ചെയ്യുമെന്ന് സമൂഹം വിശ്വസിക്കുന്നില്ലെന്നും മന്ത്രി ആലപ്പുഴയിൽ പറഞ്ഞു.

അമ്മ പ്രസിഡന്റു സ്ഥാനത്തേക്ക് ശ്വേതാ മേനോൻ മത്സരിക്കുന്നത് ഇഷ്ടപ്പെടാത്തവർ, അവരെ ഒഴിവാക്കണമെന്ന ഉദ്ദേശ്യത്തോടെ ചെയ്തതാകാമിത്. മികച്ച നടിയും മലയാളസിനിമയ്ക്ക് ഒരുപാടു സംഭാവനകൾ നൽകിയ കരുത്തുറ്റ സ്ത്രീയുമാണ് ശ്വേത.
സിനിമ മേഖലയിൽ സ്ത്രീകൾ ഭാരവാഹികളായി വരട്ടെ. സ്ത്രീകൾക്കു പ്രാധാന്യം നൽകണമെന്നാണ് എന്റെ അഭിപ്രായം. ‘അമ്മ’ സംഘടനയ്ക്കകത്തെ പ്രശ്നം അവർ ചർച്ചചെയ്തു പരിഹരിക്കണം -മന്ത്രി പറഞ്ഞു.

സിനിമ രംഗത്ത് പരസ്പരം യോജിച്ച് കാര്യങ്ങൾ കൊണ്ടുപോകണമെന്ന നിർദേശമാണ് സർക്കാർ നൽകിയിരിക്കുന്നത്. അതിന്റെ ഭാഗമായാണ് കോൺക്ലേവ് നടത്തിയത്. യോജിപ്പു പാടില്ലെന്ന് ആഗ്രഹിക്കുന്ന ചിലരുണ്ട്. അത്തരക്കാരെ ഒറ്റപ്പെടുത്തണം. സിനിമ നയം വരുന്നതോടെ പല പ്രശ്നങ്ങൾക്കും പരിഹാരമാകും. നയം മൂന്നുമാസത്തിനകം പുറത്തുവരുമെന്നും മന്ത്രി പറഞ്ഞു.

