ലോകമെമ്പാടും ആരാധകരുള്ള ബോളിവുഡ് നടനാണ് അമിതാഭ് ബച്ചന്. അദ്ദേഹം സിനിമാ ലോകത്തെ വിസ്മയിപ്പിക്കാന് തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ആ അതുല്യപ്രതിഭയുടെ പകര്‍ന്നാട്ടം ഇന്നും തുടരുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ കല്‍ക്കി 2898 എഡിയിലെ പ്രകടനം അതിന് സാധൂകരണവുമാണ്. ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി ക്ക് വെള്ളിയാഴ്ച 82-ാം പിറന്നാളാണ്. ആരാധകര്‍ പിറന്നാള്‍ ആഘോഷം ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ ഈ ദിനത്തിന് പുറമേ മറ്റൊരു ദിവസവും ബച്ചനും ആരാധകരും പിറന്നാള്‍ ആഘോഷിക്കാറുണ്ട്. അതിന് പിന്നില്‍ ഒരു കാരണവുമുണ്ട്.

കവി ഹരിവന്ഷ് റായ് ബച്ചന്റെയും തേജി ബച്ചന്റെയും മകനായി 1942 ഒക്ടോബര്‍ 11-നാണ് അമിതാഭ് ബച്ചന് ജനിക്കുന്നത്. എന്നാല്‍ ഒക്ടോബര്‍ 11 മാത്രമല്ല ഓഗസ്റ്റ് 2-ാം തീയ്യതിയും അദ്ദേഹം പിറന്നാള്‍ ആഘോഷം നടത്താറുണ്ട്. അതിന് പിന്നില്‍ ഒരു അതിജീവനത്തിന്റെ കഥയുണ്ട്. 1982 -ല്‍ കൂലി എന്ന സിനിമയുടെ ചിത്രീകരണവേളയില്‍ ഗുരുതരമായി പരിക്കേറ്റ താരം അവിശ്വസനീയമാംവിധമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ആ സംഭവത്തിന്റെ ഓര്‍മയ്ക്കെന്നോണമാണ് ഓഗസ്റ്റ് 2-ാം തീയ്യതിയും നടന് രണ്ടാം പിറന്നാളായി ആഘോഷിക്കുന്നത്.
കൂലി എന്ന സിനിമയിലെ ഒരു ആക്ഷന്‍രംഗത്തിന്റെ ചിത്രീകരണത്തിനിടയിലാണ് അമിതാഭ് ബച്ചന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. നടന് ടൈമിങ് പിഴച്ചതോടെ സഹതാരത്തില്‍ നിന്ന് അദ്ദേഹത്തിന്റെ വയറിന് അടിയേറ്റു. പിന്നാലെ ബച്ചന് ബോധംകെട്ടുവീണു. ആദ്യം ബെംഗളൂരുവിലെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അവിടെവെച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പിന്നീട് മുംബൈയിലെ ആശുപത്രിയിലേക്കും കൊണ്ടുപോയി. വയറിലെ അമിതരക്തസ്രാവം അദ്ദേഹത്തിന്റെ ആരോഗ്യനില സങ്കീര്‍ണമാക്കി. അദ്ദേഹം മരിച്ചുവെന്ന് വരെ വിധിയെഴുതി. എന്നാല്‍ ഡോക്ടര്‍മാരുടെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ നടന് ജീവിതത്തിലേക്ക് തിരിച്ചുവന്നു.

ഡോക്ടര്‍മാര്‍ അദ്ദേഹത്തെ ജീവിത്തിലേക്ക് തിരിച്ചെത്തിക്കുന്നത് ഓഗസ്റ്റ് 2-നാണ്. പുനര്‍ജന്മമെന്നോണം അദ്ദേഹം ഈ ദിനം രണ്ടാം പിറന്നാളായി ആഘോഷിക്കുന്നു. ആരാധകര്‍ ഈ ദിവസം ബച്ചന് ആശംസകള്‍ നേരാറുണ്ട്. ഇന്നിതാ 82-ലെത്തി നില്‍ക്കുമ്പോഴും ബച്ചന്റെ അഭിനയമോഹത്തിന് അവസാനമില്ല. വ്യാഴാഴ്ച തിയേറ്ററുകളില്‍ ഇറങ്ങിയ വേട്ടയ്യന് ചിത്രത്തില്‍ രജനിക്കൊപ്പം അമിതാഭും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

