സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം വേട്ടയന്റെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. രജനികാന്തിനൊപ്പം അമിതാഭ് ബച്ചന്, ഫഹദ് ഫാസില്‍, മഞ്ജു വാരിയര്‍ തുടങ്ങിയ വന്‍ താരനിര അഭിനയിച്ച ചിത്രം റിലീസ് ദിനത്തില്‍ ഏകദേശം 30 കോടിയോളം രൂപയുടെ കളക്ഷന്‍ രാജ്യത്തുനിന്ന് നേടിയതായാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം തമിഴ് സിനിമയിലെ ഏറ്റവും വലിയ രണ്ടാമത്തെ ആദ്യദിന കളക്ഷനാണിത്.

വിജയ് ചിത്രമായ ‘ഗോട്ട്’ ആണ് ഈ വര്‍ഷം തമിഴില്‍ റിലീസ് ദിനത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമ. ‘ഗോട്ട്’ ആദ്യദിനത്തില്‍ തന്നെ 44 കോടിയോളം രൂപയുടെ കളക്ഷന്‍ നേടിയിരുന്നു. അതേസമയം, സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ വേട്ടയന് വരുംദിവസങ്ങളില്‍ ബോക്സോഫീസില്‍ തരംഗമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. നവരാത്രി, ദസ്സറ അവധിദിവസങ്ങള്‍ വരാനുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ കളക്ഷന്‍ കുതിച്ചുയരും.
Also Read: റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ വേട്ടയന്റെ വ്യാജപതിപ്പ് പുറത്ത്

ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത വേട്ടയന് കഴിഞ്ഞദിവസമാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ തമിഴ് പതിപ്പിനാണ് റിലീസ് ദിനത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 26.15 കോടി രൂപ. തെലുഗു പതിപ്പ് 3.2 കോടി രൂപയും ഹിന്ദി, കന്നഡ പതിപ്പുകള്‍ യഥാക്രമം 60 ലക്ഷം, 50 ലക്ഷം രൂപയും ബോക്സോഫീസില്‍ നേടി.

