സിനിമാ പ്രൊമോഷന് നടന് ബിജു മേനോൻ എത്താതിരുന്നത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ബിജു മേനോന് നായകനായ നടന്ന സംഭവം എന്ന സിനിമയുടെ നിര്‍മാതാവ് അനൂപ് കണ്ണന് ആയിരുന്നു നടനെതിരെ പരാതിയുമായെത്തിയത്. ഈ ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി 10 ദിവസം നല്‍കാമെന്ന് കരാറില്‍ ബിജു മേനോന് ഒപ്പിട്ടിരുന്നു. എന്നാല്‍ രണ്ടര മണിക്കൂര്‍ മാത്രമാണ് താരം നല്‍കിയത്.

ഇതോടെ തനിക്ക് 25 ലക്ഷം രൂപ നഷ്ടമായെന്നാണ് അനൂപ് കണ്ണന് നിര്‍മാതാക്കളുടെ സംഘടനയ്ക്ക് നല്കിയ പരാതിയില്‍ പറഞ്ഞത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണം അറിയിച്ചിരിക്കുകയാണ് സംവിധായകൻ എബ്രിഡ് ഷൈൻ. തന്റെ പുതിയ ചിത്രമായ ‘സ്പാ’യുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ബി ഉണ്ണികൃഷ്ണനെ പോലെ ഒരാൾ സീരിയസായി ഒരു കാര്യം പറയുന്നു. അത് വളരെ ഗൗരവമേറിയ കാര്യമാണ്. ഒരു സംവിധായകൻ അല്ലെങ്കിൽ ഒരു നിർമാതാവ് അതേക്കുറിച്ച് പരാതി പറയുന്നു. ആ പരാതി മുഖ്യധാര മാധ്യമങ്ങളിൽ വന്നതാണ്. പരാതി പറയാൻ ഒരു കാരണമുണ്ടാകാം, ബി ഉണ്ണികൃഷ്ണൻ അതേക്കുറിച്ച് സംസാരിക്കുന്നതിനും ഒരു കാരണമുണ്ടാകാം.

ഉണ്ണികൃഷ്ണന്റെയും അനൂപ് കണ്ണന്റെയും ഭാഗം പുറത്തുവന്നു കഴിഞ്ഞു. അവരെ അത്രയും വേദനിപ്പിച്ച കാര്യമായതു കൊണ്ടാണ് അവർ അതേക്കുറിച്ച് പറയുന്നത്. ഇനി ആരെക്കുറിച്ചാണോ അവർ പറഞ്ഞത്, ആ നടൻ മറുപടി പറയും. അദ്ദേഹമാണ് ആ മറുപടി പറയേണ്ടത്. ആ മറുപടിക്ക് നമ്മൾ ഉത്തരവാദികളല്ല എന്ന് മാത്രം. അവർ തമ്മിൽ നാളെയും ഒരുമിച്ച് സിനിമ ചെയ്യും.

നാളെ അനൂപ് കണ്ണനും ബിജു മേനോനും ഒരുമിച്ച് കെട്ടിപിടിച്ച് നടക്കും, ഒരുമിച്ച് സിനിമ ചെയ്യും. ഇവരൊക്കെ ഇൻഡസ്ട്രിയിൽ ഉള്ള ആൾക്കാരാണ്. അവർക്കിടയിൽ പ്രശ്നങ്ങൾ വന്നാൽ ചർച്ച ചെയ്ത് അത് പരിഹരിക്കും. അങ്ങനെ അവർ ഒരുമിച്ച് സിനിമ ചെയ്യുകയും ചെയ്യും. സിനിമയിൽ സ്ഥിരം ശത്രുക്കൾ ഇല്ല എന്ന് പറയുന്നത് പോലെ.
സിനിമയിൽ ചിലപ്പോൾ ഒരു ദിവസം വഴക്കിടുന്ന അല്ലെങ്കിൽ തർക്കിക്കുന്ന ആളുകൾ, ഒന്നിച്ചിരുന്ന് ഒന്ന് സംസാരിച്ചാലോ, ഒന്ന് ഫോൺ വിളിച്ചാലോ തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞ് തീർത്ത് നാളെ അവർ ഒരുമിച്ച് ജോലി ചെയ്യും”.- എബ്രിഡ് ഷൈൻ പറഞ്ഞു.
