കൊച്ചി: മ്യൂസിക് ഇന്റസ്ട്രിയിലെ അന്താരാഷ്ട്ര തലത്തിലെ മുന്‍നിര മാധ്യമമായ റോളിംഗ് സ്റ്റോണ്‍ ഇന്ത്യയിലെ ഏറ്റവും മികച്ച 25 മ്യൂസിക്ക് ഫെസ്റ്റുവലുകളുടെ പട്ടിക പുറത്തുവിട്ടപ്പോള്‍ കേരളത്തിന് അഭിമാനിക്കാനായി ഒച്ചയും. പട്ടികയില്‍ പതിനാലാം സ്ഥാനത്തായിട്ടാണ് ഒച്ച ഫെസ്റ്റിവല്‍ ഇടം പിടിച്ചത്. കേരളത്തില്‍ നിന്നും പട്ടികയിലുള്ള ഏക ഫെസ്റ്റിവലും ഒച്ചയാണ്. മുംബൈയില്‍ നടക്കുന്ന ലോലാപലൂസയാണ് പട്ടികയില്‍ ഒന്നാമത്.

കേരളത്തിലെ യുവത്വത്തിന്റെ സാംസ്കാരിക സംഗമവേദിയാണ് ‘ഒച്ച’ (Ocha) ഫെസ്റ്റിവല്‍ എന്ന് മാസിക പറയുന്നു. ഇതൊരു സാധാരണ സംഗീത നിശ മാത്രമല്ല. ഭാഷയുടെയോ സംഗീത വിഭാഗങ്ങളുടെയോ വേര്‍തിരിവുകളില്ലാത്ത ഈ വേദിയില്‍ മലയാളം റാപ്പും, ഇംഗ്ലീഷ് വരികളും, ബേസ്-ഹെവി ഇ.ഡി.എമ്മും ഒരേ പ്രധാന്യത്തോടെ എത്തുന്നുവെന്നും റോളിംഗ് സ്റ്റോണ്‍ നിരീക്ഷിക്കുന്നു.
മൂന്ന് വര്‍ഷമായി ഒച്ച ഫെസ്റ്റിവല്‍ കൊച്ചിയില്‍ നടക്കുന്നു. സൈന മ്യൂസിക്ക് ഇന്റിയും പക്കായാഫോഗുമാണ് ഒച്ച ഫെസ്റ്റിവലിന്റെ സംഘാടകര്‍. നാല്‍പ്പത് വര്‍ഷമായി സംഗീത രംഗത്തുള്ള സൈന മ്യൂസിക്ക് പുതിയ കലാകാരന്മാരെ കണ്ടെത്തി അവരെ മുന്‍നിരയിലെത്തിക്കാന്‍ വേണ്ടി ആരംഭിച്ചതാണ് സൈന മ്യൂസിക്ക് ഇന്റി.

ഗ്രാമി അവാര്‍ഡ് നോമിനേഷനില്‍ ഇടം പിടിച്ച ഹിന്ദി പാട്ടുകാരിയായ രാജകുമാരി ആയിരുന്നു ഒച്ച മൂന്നാം ലക്കത്തിലെ പ്രധാന ആകര്‍ഷണം. അസല്‍ കൊളാര്‍, തിരുമാലി, എംഎച്ച്ആര്‍, ജോക്കര്‍, പ്രമുഖ ബാന്റായ വൈല്‍ഡ് വൈല്‍ഡ് വുമണ്‍ തുടങ്ങി നിരവധി കലാകാരന്മാര് ഒച്ചയുടെ ഭാഗമായി.

