മുംബൈ: മുൻ മന്ത്രിയും മുതിർന്ന എൻ.സി.പി നേതാവുമായിരുന്ന ബാബാ സിദ്ദിഖി വെടിയേറ്റുമരിച്ച സംഭവത്തിൽ വിറങ്ങലിച്ചുനിൽക്കുകയാണ് രാഷ്ട്രീയ ലോകവും സിനിമാ ലോകവും. ബാബാ സിദ്ദിഖിയുടെ മൃതദേഹം സൂക്ഷിച്ചിരുന്ന മുംബൈ ലീലാവതി ആശുപത്രിയിലേക്ക് നിരവധി ബോളിവുഡ് താരങ്ങളാണെത്തിയത്. അദ്ദേഹത്തിന്റെ മൃതദേഹം കണ്ടതിനുശേഷം പൊട്ടിക്കരഞ്ഞുകൊണ്ടാണ് നടി ശില്പാ ഷെട്ടി പുറത്തിറങ്ങിയത്.

ഭർത്താവ് രാജ് കുന്ദ്രയ്ക്കൊപ്പമാണ് ശില്പ ഷെട്ടി ലീലാവതി ആശുപത്രിയിലെത്തിയത്. ഇരുവരും ബാബാ സിദ്ദിഖിയുമായി ഏറെ നാളായി അടുപ്പം പുലർത്തുന്നവരുമാണ്. ആശങ്കയും ഭയവും നിറഞ്ഞ മുഖത്തോടെയാണ് രാജ് കുന്ദ്രയുടെ കൈയിൽ ബലമായി പിടിച്ചുകൊണ്ട് ആശുപത്രിക്കകത്തേക്ക് ശില്പ ഷെട്ടി കയറിപ്പോയത്. എന്നാൽ തിരിച്ചിറങ്ങിയതാകട്ടെ പൊട്ടിക്കരഞ്ഞുകൊണ്ടും. മുഖംമറച്ചുകൊണ്ടാണ് അവർ കാറിനകത്തേക്ക് കയറിയതും. എന്നിട്ടും അവരുടെ മുഖത്തെ ഞെട്ടൽ മാറിയിരുന്നില്ല.
ബാബാ സിദ്ദിഖിയുമായി ഏറെ അടുപ്പം പുലർത്തുന്ന നടന്മാരായ വീർ പഹാരിയ, സൽമാൻ ഖാൻ, സഞ്ജയ് ദത്ത് എന്നിവരും മുംബൈയിലെ ആശുപത്രിയിലെത്തിയിരുന്നു.

ശനിയാഴ്ച വൈകുന്നേരമാണ് മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി. അജിത് പവാര്‍ പക്ഷ നേതാവുമായ ബാബാ സിദ്ദിഖി ബാന്ദ്രയിലെ ഓഫീസില്‍വെച്ച് വെടിയേറ്റ് മരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. അക്രമികള്‍ മൂന്നു തവണ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തതായാണ് വിവരം. നെഞ്ചിലും വയറ്റിലുമായാണ് വെടിയുണ്ടകള്‍ തറച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര് പിടിയിലായി.

