മുംബൈ: സിനിമാ മേഖലയുമായും ഏറെ അടുപ്പം കാത്തുസൂക്ഷിച്ചയാളായിരുന്നു കഴിഞ്ഞദിവസം വെടിയേറ്റ് കൊല്ലപ്പെട്ട മഹാരാഷ്ട്ര മുന്‍മന്ത്രിയും മുതിര്‍ന്ന എന്‍.സി.പി നേതാവുമായിരുന്ന ബാബാ സിദ്ദിഖി. സല്മാന് ഖാന് മുതല്‍ ഷാരൂഖ് ഖാന് സിദ്ദിഖിയുടെ സൗഹൃദവലയത്തിൽ ഇടംപിടിച്ചിരുന്നു.

ശനിയാഴ്ച രാത്രി നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ട സിദ്ദിഖിയെ അവസാനമായി കാണാനായി മുംബൈയിലെ ലീലാവതി ആശുപത്രിയിലെത്തിയ സല്‍മാന്റെ മുഖത്ത് തളംകെട്ടിക്കിടന്ന ദുഖം ഇരുവർക്കുമിടയിലുണ്ടായിരുന്ന സൗഹൃദത്തിന്റെ വ്യാപ്തി പ്രകടമാക്കുന്നതായിരുന്നു. ബാബാ സിദ്ദിഖിയുടെ മരണവാര്‍ത്തയറിഞ്ഞ് താന്‍ അവതാരകനായ ബിഗ് ബോസ് റിയാലിറ്റിഷോയുടെ ചിത്രീകരണം നിര്ത്തിവെപ്പിച്ചിട്ടാണ് സല്മാന് ഖാന് മുംബൈ ലീലാവതി ആശുപത്രിയിലെത്തിയത്.
ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സിദ്ദിഖി ബാന്ദ്ര വെസ്റ്റില്‍ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. സൽമാൻ ഖാനുമായുള്ള അടുപ്പമാണ് കൊലപാതകത്തിനുകാരണമെന്നും വിവരമുണ്ട്. സംഭവത്തില്‍ യുപി, ഹരിയാണ സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. മൂന്നാമനായുള്ള തിരച്ചിൽ ക്രൈം ബ്രാഞ്ച് സംഘം തുടരുകയാണ്. നിരവധി ബോളിവുഡ് താരങ്ങള്‍ സിദ്ദിഖിയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

വലിയ പാർട്ടികൾ സംഘടിപ്പിക്കുന്നതിൽ തത്പരനായിരുന്നു ബാബാ സിദ്ദിഖി. സിദ്ദിഖി നടത്തിയ അത്തരത്തിലൊരു പരിപാടിക്കിടെയാണ് ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും സൽമാൻ ഖാനും തമ്മിലുള്ള പിണക്കം മാറിയതും.

