റോയൽറ്റി വാങ്ങാതെ തന്റെ ഗാനങ്ങൾ സിനിമകളിൽ ഉപയോഗിക്കുന്നതിനെതിരെ പല ചിത്രങ്ങൾക്കും കോപ്പി റൈറ്റ് കേസ് കൊടുത്ത ഇളയരാജയുടെ പ്രവൃത്തി വളരെ നീതിയുക്തമാണെന്നു സംഗീത സംവിധായകൻ എം. ജയചന്ദ്രൻ. പ്രൊഡക്ഷൻ കമ്പനിയ്ക്ക് നൽകിയെങ്കിൽ കൂടി ഒരു ഗാനത്തിന്റെ ഇന്റലക്ച്വൽ പ്രോപ്പർട്ടിയുടെ അവകാശം അത് സൃഷിടിച്ച സംഗീതജ്ഞർക്കും രചയിതാക്കൾക്കും തന്നെയാണെന്നും എം ജയചന്ദ്രൻ പറഞ്ഞു.

“എ.ടി ഉമ്മറിനെ പോലുള്ള സംഗീത സംവിധായകരൊക്കെ ആ കാലഘട്ടത്തിലൊക്കെ ഒരുപാട് കഷ്ടതകൾ അനുഭവിച്ചിട്ടുണ്ട്, ഈ റോയൽറ്റി സമ്പ്രദായം വളരെ പണ്ടേ പ്രാബല്യത്തിൽ വന്നിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെയും രവീന്ദ്രൻ മാസ്റ്റർ, ജോൺസൺ മാഷ് തുടങ്ങിയവരുടേയുമെല്ലാം ജീവിതം ഇതിലും എത്രയോ മെച്ചമായേനെ എന്നാലോചിക്കുമ്പോൾ സങ്കടം തോന്നാറുണ്ട്” എം ജയചന്ദ്രൻ പറയുന്നു.
അടുത്തിടെ തല അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിൽ ഇളയരാജയുടെ ഇളമൈ ഇദൊ ഇദൊ, ഒത്ത രൂപ താറേ ഇനീ ഗാനങ്ങൾ അനുവാദമില്ലാതെ ഉപയോഗിച്ചതിനെതിരെ ഇളയരാജ നടപടി സ്വീകരിക്കുകയും, ചിത്രം നെറ്ഫ്ലിക്സിൽ നിന്ന് താൽക്കാലികമായി പിൻവലിക്കേണ്ടി വരികയും ചെയ്തിരുന്നു.

“ഗായകർക്കൊക്കെ ഈ ഗാനങ്ങൾ വേദികളിൽ ആലപിക്കുന്നതിനു വളരെ വലിയ പ്രതിഫലം ലഭിക്കാറുണ്ട്. അതിന്റെ വളരെ ചെറിയൊരു പങ്ക്, അതായത് പ്രതിഫലം ഒരു ലക്ഷം ആണെങ്കിൽ അതിലൊരു ആയിരം രൂപ അതിന്റെ സൃഷ്ടാക്കൾക്ക് റോയലിറ്റിയായി നൽകിക്കൂടെ. ഇളയരാജ സാറിന്റെ കാര്യത്തിൽ അതിനു കൂടുതൽ പ്രസക്തിയുണ്ട്, കാരണം അദ്ദേഹത്തിന്റെ പല ആൽബങ്ങളും നിർമ്മിച്ചിരുന്നതും അദ്ദേഹമായിരുന്നു എന്നതാണ്” എം ജയചന്ദ്രൻ കൂട്ടിച്ചേർത്തു.

