
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ബറോസ്’ റിലീസിനൊരുങ്ങുകയാണ്. ആരാധകര്‍ കാത്തിരിക്കുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായും പ്രത്യക്ഷപ്പെടുന്നുണ്ട്. ബറോസിന്റെ സംവിധാനവും ചിത്രത്തിലെ അഭിനയവും നിർവഹിച്ചതിനേക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ഡിസംബര്‍ ലക്കത്തിലെ ‘സ്റ്റാര്‍ ആന്റ് സ്റ്റൈലി’ലാണ് മോഹന്‍ലാല്‍ ബറോസിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ഏതാണ്ട് 46 വര്‍ഷം അഭിനയിച്ചശേഷമാണ് ഞാന്‍ ഒരു സിനിമ സംവിധാനംചെയ്യുന്നത്. ഇത്രയും കാലത്തെ അനുഭവപരിജ്ഞാനം അഭിനയത്തിലുപരി സിനിമയുടെ മറ്റു സാങ്കേതികവശങ്ങളേക്കുറിച്ചും അറിവ് പകര്ന്നുതന്നിട്ടുണ്ടെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു, ഭാനുപ്രകാശുമൊത്തുള്ള അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറയുന്നു.
‘ബറോസ് മുന്‍കൂട്ടി പ്ലാന്‍ ചെയ്ത സിനിമയല്ല. ഒരു ത്രീഡി പ്ലേ ചെയ്യാനുള്ള ചര്‍ച്ചകളില്‍നിന്നാണ് ബറോസ് രൂപപ്പെട്ടത്’, എങ്ങനെയാണ് ബറോസിന്റെ സംവിധായകനായെത്തിയത് എന്ന ചോദ്യത്തിനും മോഹന്‍ലാല്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ സംവിധാനം ചെയ്ത ജിജോ തന്നെ ബറോസും സംവിധാനം ചെയ്യണമെന്നാണ് ആഗ്രഹിച്ചതെന്നും എന്നാല്‍ അദ്ദേഹത്തിന് താല്പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ ആ അവസരം തന്നിലേക്ക് വരികയായിരുന്നെന്നും മോഹൻലാൽ പറയുന്നു.
ലൈഫ്ടൈമില്‍ നമുക്ക് കിട്ടുന്ന അവസരം മാത്രമല്ല ഇത്, അനുഗ്രഹം കൂടിയാണ്. ചില കാര്യങ്ങള്‍ നമ്മിളിലേക്ക് വരുമ്പോള്‍ അത് വേണ്ടെന്നുവെക്കുന്നത് നല്ലതല്ല എന്നാണ് എന്റെ അനുഭവം, മോഹന്‍ലാല്‍ പറയുന്നു.

ബറോസിന്റെ ട്രെയിലര്‍ നേരത്തേ പുറത്തുവന്നിരുന്നു. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 25-നാണ് ചിത്രം തീയേറ്ററുകളിലെത്തുക.