കൊച്ചി:ഷെയ്ന് നിഗം നായകനായ ഹാല് സിനിമയില്‍ രണ്ട് സീനുകള്‍ ഒഴിവാക്കാനും ചില സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്യാനും ഹൈക്കോടതി നിര്‍ദേശം. ധ്വജ പ്രണാമത്തിലെ ‘ധ്വജ’ എന്ന ഭാഗം മ്യൂട്ട് ചെയ്യണമെന്നും മതാടിസ്ഥാനത്തിലുള്ള വിവാഹത്തിന്റെ കണക്ക് പറയുന്ന ഭാഗം മ്യൂട്ട് ചെയ്യണമെന്നും കോടതി നിർദേശിച്ചു. ബീഫ് ബിരിയാണി കഴിക്കുന്ന സീൻ ഒഴിവാക്കാനും നിർദേശമുണ്ട്.

നിര്‍മാതാക്കളുടെ ആവശ്യപ്രകാരം സിനിമ കണ്ട ശേഷമാണ് ജസ്റ്റീസ് വി.ജി അരുണിന്റെ ഉത്തരവ്. സിനിമക്ക് 19 വെട്ട് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചെങ്കിലും കൂടുതല്‍ കത്രിക പ്രയോഗം കോടതി അനുവദിച്ചില്ല. മാറ്റങ്ങള്‍ വരുത്തിയ ശേഷം നിര്‍മാതാക്കള്‍ക്ക് സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കാം. നിര്‍മാതാക്കള്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ രണ്ടാഴ്ചക്കകം തീരുമാനമെടുക്കണം.
ബീഫ് വിളമ്പുന്ന രംഗമടക്കം ഒഴിവാക്കണമെന്നും ധ്വജപ്രണാമം, സംഘം കാവല്‍ ഉണ്ട് തുടങ്ങിയ പദപ്രയോഗങ്ങള്‍ ഡിലീറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത്. സിനിമക്ക് യു സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് സെന്‍സര്‍ബോര്‍ഡ് അറിയിച്ചിരുന്നു.

ക്രിസ്ത്യൻ മതവികാരം പരിഗണിച്ച് സിനിമയിൽ ഉപയാഗിച്ചിരുന്ന ഹോളി ഏഞ്ചൽസ് ഓഫ് കോളേജ് എന്ന പേര് മാറ്റണം. താമരശേരി ബിഷപ്പിൻ്റെ പേര് ഉപയോഗിച്ചതിന് ബിഷപ്പിൻ്റെ അനുമതി വാങ്ങണം തുടങ്ങിയ നിർദേശങ്ങളും സെൻസർ ബോർഡ് മുന്നോട്ടുവച്ചിരുന്നു. കേസിൽ കത്തോലിക്കാ കോൺഗ്രസും കക്ഷി ചേർന്നിരുന്നു.

