ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ് യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുൻപുള്ള അവസാന സിനിമയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബിഗ് ബജറ്റ് ചിത്രമായ ‘ജനനായകനാ’യുള്ള നീണ്ട കാത്തിരിപ്പിലാണ് ആരാധകർ. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ജനനായകന്റെ റിലീസ് അനിശ്ചിതമായി നീളുകയാണ്. കേസുമായി മുന്നോട്ടുപോകാന്‍ തങ്ങള്‍ക്ക് താല്പര്യമില്ലെന്നും ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിടാമെന്നും നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചതോടെ ചിത്രം ഉടൻ തിയേറ്ററുകളിലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ.


ഇപ്പോഴിതാ, ചിത്രം അടുത്തൊന്നും തിയേറ്ററുകളിലേക്ക് ഇല്ലെന്ന് വിവരങ്ങളാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ കനേഡിയൻ വിതരണക്കാരായ യോർക്ക് സിനിമയാണ് ജനനായകൻ ഏപ്രിൽ 30 ന് മുമ്പ് തിയേറ്ററുകളിൽ എത്തില്ലെന്ന വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
മുൻകൂറായി ബുക്കിംഗ് നടത്തിയ ഉപഭോക്താക്കൾക്ക് പണം തിരികെ ലഭിക്കാൻ തങ്ങളുടെ പ്രാദേശിക തിയേറ്ററുകളിൽ ബന്ധപ്പെടണമെന്നും വിതരണക്കാർ പ്രസ്താവനയിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.




അതേസമയം, റിലീസ് വൈകുന്നതിന്റെ കാരണങ്ങളോ, പുതിയ റിലീസ് തീയതിയോ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രം ജനുവരി 9-ന് പൊങ്കൽ റിലീസായി എത്തേണ്ടതായിരുന്നു. എന്നാൽ സെൻസർ ബോർഡുമായുള്ള നിയമതർക്കം കാരണം റിലീസ് നീളുകയായിരുന്നു. സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയാണ് ആരാധകർക്ക് ജനനായകനിൽ ഉള്ളത്.

