അമ്മ വേഷത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ ജനപ്രീതി നേടിയ നടിയാണ് രേഖ രതീഷ്. ഏറെ നാളുകളായി തന്നെ മാനസികമായി തളർത്തുന്ന ഒരു കൂട്ടം യൂട്യൂബേഴ്സിന് എതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകുകയാണ് രേഖ രതീഷ് ഇപ്പോൾ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് തന്റെ മാനസിക സമ്മർദ്ദത്തെ കുറിച്ച് രേഖ മനസ്സു തുറന്നത്.


“പ്രിയപ്പെട്ട സർക്കാർ, പിണറായി വിജയൻ സാർ….
ഞാൻ രേഖ രതീഷ്. സീരിയൽ ഇൻഡസ്ട്രിയിൽ ആണ് ജോലി ചെയ്യുന്നത്. എനിക്കൊരു മകനുണ്ട്. 9 -ാം ക്ലാസ്സിൽ പഠിക്കുന്നു. കഴിഞ്ഞ 8-9 മാസങ്ങളായി ജോലിയില്ലാതെ ഫ്ളാറ്റിൽ കഴിയുകയാണ്. കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളായി ഒരു കൂട്ടം യൂട്യൂബേഴ്സ് എന്റെ പിന്നാലെയുണ്ട്. എന്നെ കുറിച്ച് മോശമായി ക്യാപ്ഷ്ൻ കൊടുത്ത് ചിത്രീകരിക്കുകയും എന്നെ ജീവിക്കാൻ അനുവദിക്കാതെ സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു. എനിക്ക് ഈ മാനസിക സമ്മർദ്ദം സഹിക്കാൻ പറ്റുന്നില്ല.




നമ്മുടെ കേരളത്തിൽ ഇങ്ങനെയുള്ള കാര്യങ്ങൾ കൊണ്ട് ഒരുപാട് ജീവൻ പൊലിയുന്നുണ്ട്. ജീവിക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെട്ട് മുന്നോട്ടു പോവാൻ ശ്രമിക്കുന്ന സ്ത്രീയാണ് ഞാൻ, എന്റെ മകനുവേണ്ടി. പക്ഷേ ഈ യൂട്യൂബേഴ്സ് കാരണം എനിക്ക് ജീവിക്കാനുള്ള ശേഷി ഇല്ലാതാവുകയാണ്. ഈ വീഡിയോ ചെയ്യാൻ കാരണം, എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ, എന്തുകൊണ്ട് എന്നൊരു ചോദ്യം വന്നാൽ ഈ യൂട്യൂബേഴ്സ് തന്നെയാണ് ഇതിനു പിന്നിലെ കാരണം എന്ന് എനിക്ക് അറിയിക്കണം. ഇതുകൊണ്ടെങ്കിലും ഇത് അവസാനിക്കണം. എന്നെ മാത്രമല്ല, എന്റെ ഫീൽഡിലുള്ള ഒരുകൂട്ടം ആൾക്കാരെ ഇതുപോലെയുള്ള കാര്യങ്ങൾ കൊണ്ട് ചൂഷണം ചെയ്യുന്ന ഒരുപാട് യൂട്യൂബേഴ്സ് ഉണ്ട്. ദയവായി ഇതിനെതിരെ ശക്തമായ തീരുമാനം എടുക്കണം,” രേഖ പറഞ്ഞു.

പരസ്പരം പരമ്പരയിലെ പദ്മാവതിയും മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ മല്ലികയും പൂക്കാലം വരവായിയിലെ പാർവതിയുമായൊക്കെയായി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടിയാണ് രേഖ.
