നയൻതാരയുമായുള്ള പ്രണയത്തിന്റെ പേരിൽ ഒരുപാട് അവഹേളനം നേരിട്ടുവെന്ന് വിഘ്നേഷ് ശിവൻ. നയൻതാരയുടെ ജീവിതവും പ്രണയവും വിവാഹവുമെല്ലാം ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് നിർമിച്ച ‘നയൻതാര: ബിയോണ്ട് ദി ഫെയറി ടെയ്ലി’ലാണ് തങ്ങളുടെ പ്രണയത്തെപ്പറ്റി വിഘ്നേശ് ശിവൻ മനസുതുറന്നത്. ‘ഉളുന്തൂർപേട്ടൈ നായയ്ക്ക് കിട്ടിയ നാഗൂർ ബിരിയാണി’ എന്നായിരുന്നു ലോകം തങ്ങളുടെ ബന്ധത്തെ വിശേഷിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് എന്തുകൊണ്ട് നയൻതാരയെ പ്രണയിച്ചുകൂടാ എന്നും വിഘ്നേഷ് ചോദിക്കുന്നു.
താൻ പ്ലസ് ടുവിൽ പഠിക്കുമ്പോഴാണ് അച്ഛന്റെ മരണമെന്നും കുടുംബഭാരം ചുമപ്പിക്കുന്നതിന് പകരം തന്റെ സ്വപ്നമായിരുന്ന സിനിമയിലേക്ക് വഴിതെളിച്ചത് അമ്മയാണെന്നും വിഘ്നേഷ് പറഞ്ഞു. അമ്മയുടെ അനുഭവങ്ങൾ നാനും റൗഡി താൻ എന്ന ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാനും റൗഡി താൻ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോൾ തനിക്ക് ഒട്ടും ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. അന്ന് നയൻതാരയെ മാഡം എന്നാണ് വിളിച്ചിരുന്നത്. എന്നാൽ എത്ര ടേക്ക് പോകാനും മടിയില്ലെന്നുപറഞ്ഞ് ആത്മവിശ്വാസം തന്നത് അവരാണ്. ഷൂട്ടിങ് കഴിഞ്ഞപ്പോൾ വിഘ്നേഷിന്റെ സെറ്റ് മിസ് ചെയ്യുന്നുവെന്നാണ് അവർ പറഞ്ഞതെന്നും നയൻതാരയെ മിസ് ചെയ്യുന്നുണ്ടെന്ന് താനും മറുപടി പറഞ്ഞെന്നും വിഘ്നേഷ് പറഞ്ഞു.
“സുന്ദരികളായ പെൺകുട്ടികളെ കണ്ടാൽ ആരായാലും നോക്കിപ്പോകും. പക്ഷേ നയൻ മാമിനെ കാണുമ്പോൾ ഞാൻ മറ്റു പെൺകുട്ടികളെ നോക്കുന്നത് പോലെ നോക്കിയിട്ടില്ല. ഒരു ദിവസം നയൻ തന്നെയാണ് എന്നോട് ഇഷ്ടമുണ്ടെന്ന് പറഞ്ഞത്. എന്നെ കളിയാക്കുന്നതാണോ എന്നാണ് അപ്പോൾ തോന്നിയത്. ഞങ്ങൾ ഒരു ദിവസം കുറേനേരം ഫോണിൽ സംസാരിച്ചു. അതിനു ശേഷമാണ് പ്രണയത്തിലായത്. സെറ്റിൽ ഉണ്ടായിരുന്നവർക്ക് ആർക്കും ഞങ്ങൾ തമ്മിൽ അടുപ്പത്തിൽ ആണെന്ന് അറിയിക്കുന്ന ഒരു സൂചനയും നൽകിയിരുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
മാഡം എന്ന് വിളിച്ചിട്ട് പെട്ടെന്ന് നയൻ എന്ന് വിളിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഞങ്ങളുടെ പ്രണയത്തെപ്പറ്റി ആദ്യം പുറത്തറിഞ്ഞപ്പോൾ അതിനെപ്പറ്റി ഒരു പ്രശസ്തമായ മീം ഇറങ്ങി, ‘ഉളുന്തൂർപേട്ടൈ നായയ്ക്ക് കിട്ടിയ നാഗൂർ ബിരിയാണി’ എന്നെഴുതി ഞങ്ങളുടെ രണ്ടുപേരുടെയും ചിത്രങ്ങളുപയോഗിച്ച് പ്രചരിപ്പിച്ചു. സുന്ദരി പ്രണയിച്ച ഭൂതത്തിന്റെ കഥയുള്ളപ്പോൾ, സിനിമയിൽ ബസ് കണ്ടക്ടർ ആയിരുന്ന ആൾ നായകനായ ചരിത്രമുള്ളപ്പോൾ ഇതൊക്കെ ഒരു വിഷയമാണോ? എനിക്ക് എന്തുകൊണ്ട് നയനെ പ്രണയിക്കാൻ പാടില്ല?” വിഘ്നേഷ് ചോദിച്ചു.
നയൻ വന്നതിനു ശേഷം തന്റെ ജീവിതം മാറിമറിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങൾ സംഭവിച്ചു. തന്റെ ജീവിതത്തിനു ഒരു അർഥം വന്നതുതന്നെ നയൻ വന്നതിന് ശേഷമാണെന്നും വിഘ്നേഷ് ശിവൻ കൂട്ടിച്ചേർത്തു.