
ഹൈദാരാബാദ്: സംസ്ഥാനത്തെ ക്രമസമാധാനത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് കൂടിക്കാഴ്ചയ്ക്കെത്തിയ തെലുങ്ക് സിനിമാ പ്രവര്‍ത്തകരോട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. നടന് അല്ലു അര്‍ജുനുമായി ബന്ധപ്പെട്ട കേസുകള്‍ക്കും വിവാദങ്ങള്‍ക്കും ഇടയിലാണ് നടന്മാരും സംവിധായകരും നിര്മാതാക്കളുടങ്ങുന്ന തെലുങ്ക് സിനിമാപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്.

സംസ്ഥാനത്ത് നിക്ഷേപം പ്രോത്സാഹിപ്പിക്കാനും മയക്കുമരുന്ന് വിരുദ്ധ കാമ്പയിന് പിന്തുണ നല്‍കാനും രേവന്ത് റെഡ്ഡി സിനിമാ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.
തെലങ്കാന ഫിലിം ഡെവലപ്മെന്റ് കോര്പ്പറേഷന് (എഫ്ഡിസി) ചെയര്മാന് ദില്‍ രാജു. നാഗാര്‍ജുന, വരുണ്‍ തേജ്, സായ് ധരം തേജ്, കല്യാണ്‍ റാം, ശിവ ബാലാജി, അദിവി സേഷ്, നിതിന്‍, വെങ്കടേഷ് തുടങ്ങിയ അഭിനേതാക്കളും അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദ് അടക്കമുള്ളവരും മറ്റു പ്രമുഖ സംവിധായകരും നിര്‍മാതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഉപമുഖ്യമന്ത്രി മല്ലു ഭാട്ടി വിക്രമാര്‍ക തുടങ്ങിയ മന്ത്രിമാരും കൂടിക്കാഴ്ചയുടെ ഭാഗമാണ്.
പുഷ്പ 2 പ്രദര്‍ശത്തിനിടെ ഒരു സ്ത്രീ മരിക്കാനിടയായ സംഭവം ചൂണ്ടിക്കാട്ടി സിനിമാ മേഖലയിലെ അംഗങ്ങള്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കേണ്ടതായിരുന്നുവെന്ന് തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു. തെലുങ്കു സിനിമാ വ്യവസായത്തിന് പൂര്‍ണ്ണ പിന്തുണയും അദ്ദേഹം ഉറപ്പുനല്‍കി.

ചരിത്രം, സ്വാതന്ത്ര്യസമരം, മയക്കുമരുന്നിനെതിരായ പോരാട്ടം തുടങ്ങിയ സന്ദേശങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സിനിമകള്‍ക്ക് മാത്രമേ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ ഭാവിയില്‍ പരിഗണിക്കൂ എന്ന മന്ത്രി കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡിയുടെ പ്രസ്താവനയ്ക്കിടയിലാണ് യോഗം.