പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ നടൻ നിവിൻ പോളിയും രംഗത്ത്. സിനിമകളുടെ ലാഭ- നഷ്ട കണക്കുകൾ പുറത്തുവിടുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് നിവിൻ പോളി പറഞ്ഞു. ‘സർവ്വം മായ’യുടെ റിലീസിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നിവിൻ.

നല്ല സിനിമ ഉണ്ടാക്കാൻ ശ്രമിക്കുന്നതായിരിക്കും നല്ലതെന്നും ഈ കണക്ക് പുറത്തുവിടുന്നത് എന്തിനാണെന്ന് തനിക്കിതുവരെ മനസിലായിട്ടില്ലെന്നും നിവിൻ പറഞ്ഞു.
ഇത്രയും നാൾ ഇല്ലാത്ത ഒരു പരിപാടിയായിരുന്നു അത്. അത് വേണ്ട എന്നാണ് എനിക്ക് തോന്നുന്നത്. നമ്മളെല്ലാവരും ഒരുമിച്ച് ഒരു പ്രസ്ഥാനത്തെ മുൻപോട്ട് കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ ഇങ്ങനെ ചെയ്യുന്നത് ബുദ്ധിമുട്ടാണ്. എല്ലാ ബിസിനസിലും ലാഭവും നഷ്ടവുമൊക്കെ ഉണ്ടാകാറുണ്ട്.

ഇതിങ്ങനെ പബ്ലിഷ് ചെയ്യേണ്ട ആവശ്യമൊന്നുമില്ല. മലയാള സിനിമയെ മുന്നോട്ട് കൊണ്ടുപോകാൻ ഒരു അസോസിയേഷൻ, അല്ലെങ്കിൽ നമ്മളെല്ലാവരും ഒന്നിച്ച് നിൽക്കേണ്ടതാണെന്നാണ് ഞാൻ മനസിലാക്കുന്നത്. ഇങ്ങനെ കണക്കുകൾ പുറത്തുവിടുന്നതിനോട് ഞാൻ യോജിക്കുന്നില്ല”.- നിവിൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഈ വർഷത്തെ സിനിമകളുടെ ലാഭ- നഷ്ട കണക്കുകൾ പുറത്തുവിട്ടത്. 2025 ൽ പുറത്തിറങ്ങിയ മലയാള സിനിമകളിൽ 15 എണ്ണം മാത്രമാണ് തിയറ്ററുകളിൽ വിജയം നേടിയത് എന്നാണ് നിർമാതാക്കളുടെ സംഘടന അറിയിച്ചത്.
