ദിലീപ് നായകനായി ഏറ്റവുമൊടുവിൽ തിയറ്ററുകളിലെത്തിയ ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. ദിലീപിന്റെ കരിയറിലെ 150-ാമത് ചിത്രം കൂടിയായിരുന്നു ഇത്. റാനിയ റാണ ആണ് ചിത്രത്തിൽ ദിലീപിന്റെ നായികയായെത്തിയത്. മലയാള സിനിമയിൽ നിരവധി നടിമാർ ദിലീപിന്റെ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.

മഞ്ജു വാര്യർ, കാവ്യ മാധവൻ, മീര ജാസ്മിൻ, സംവൃത സുനിൽ തുടങ്ങി നിരവധി പേരാണ് ദിലീപ് ചിത്രങ്ങളിൽ നായികയായി സിനിമാ ലോകത്തേക്ക് അരങ്ങേറിയത്. എന്നാൽ ദിലീപ് ചിത്രത്തിൽ നായികയാകാൻ എത്തി അവസരം നഷ്ടപ്പെട്ട നടിമാരുമുണ്ട്.
ദിലീപ് ചിത്രത്തിന്റെ ഓഡിഷനെത്തി നായികയാകാൻ കഴിയാതെ മടങ്ങി, ഇന്ന് തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന സൂപ്പർ ഹിറ്റ് നായികയായി മാറിയ ഒരു നടിയുണ്ട്. 2008ൽ പുറത്തിറങ്ങിയ ‘ക്രേസി ഗോപാലൻ’ എന്ന സിനിമയുടെ എറണാകുളത്തു വച്ച് നടന്ന ഓഡിഷനിൽ പങ്കെടുക്കാൻ അമ്മയോടൊപ്പം ഒരു പെൺകുട്ടി വരികയും വളരെ നന്നായി അഭിനയിക്കുകയും ചെയ്തു.

സ്ക്രീൻ ടെസ്റ്റിൽ വളരെ നന്നായി അഭിനയിച്ചെങ്കിലും ആ നടിയെ അവസാനം വേണ്ടെന്ന് വെച്ചു. സ്ക്രീനിൽ കുറച്ചു കൂടി സൗന്ദര്യം തോന്നിപ്പിക്കുന്ന, കുറച്ചു കൂടി ഉയരവും പ്രായവുമുള്ള നടിയെ ആയിരുന്നു നായികയാകാൻ വേണ്ടിയിരുന്നത്. ശേഷം തെലുങ്ക് നടിയായ രാധ വർമയാണ് സിനിമയിൽ ഡയാന ജോൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

എന്നാൽ അന്ന് സ്ക്രീൻ ടെസ്റ്റിന് വന്ന് ദിലീപിന്റെ നായികയാകാതെ പോയ ആ നടിയാണ് തെന്നിന്ത്യൻ സൂപ്പർ നായിക സാമന്ത. സിനിമയുടെ സംവിധായകനായ ദീപു കരുണാകരൻ ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ക്രേസി ഗോപാലൻ ഇറങ്ങി രണ്ടു വർഷം കൂടി കഴിഞ്ഞാണ് സാമന്ത സിനിമാ പ്രവേശം നടത്തുന്നത്. അതിനുശേഷം താരത്തിന്റെ അഭിനയജീവിതത്തിൽ വൻകുതിപ്പാണ് ഉണ്ടായത്. ഇന്നിപ്പോൾ വർഷങ്ങൾക്കിപ്പുറം കോടികൾ വാങ്ങുന്ന നായികയായി മാറിയിരിക്കുകയാണ് സാമന്ത. ആരോഗ്യപരമായ ചില കാരണങ്ങളാല്‍ നടി തന്റെ കരിയറില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു. ഇതിന് ശേഷം വീണ്ടും അഭിനയത്തിൽ സജീവമാണ് സാമന്ത.
