പ്രദീപ് രംഗനാഥന്-മമിത ബൈജു ചിത്രം ഡ്യൂഡിന് തിരിച്ചടിയായി മദ്രാസ് ഹൈക്കോടതി ഉത്തരവ്. ചിത്രത്തിലുള്ള ഇളരാജയുടെ രണ്ട് പാട്ടുകളും നീക്കം ചെയ്യണമെന്നാണ് കോടതി ഉത്തരവ്. തന്റെ അനുവാദമില്ലാതെ സിനിമയില്‍ പാട്ടുകള്‍ ഉപയോഗിച്ചത് പകര്‍പ്പവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് ഇളയരാജ കോടതിയെ സമീപിക്കുകയായിരുന്നു.

ഇളയരാജ ഒരുക്കിയ കറുത്ത മച്ചാന് പാട്ട് സിനിമയില്‍ റീമേക്ക് ചെയ്ത് ഉപയോഗിച്ചിട്ടുണ്ട്. 1991 ല്‍ പുറത്തിറങ്ങിയ പുതു നെല്ല് പുതു നാത്തു എന്ന ചിത്രത്തിനായി ഇളയരാജ ഒരുക്കിയ പാട്ടാണിത്. ഇതിന് പുറമെ പണക്കാരന് സിനിമയിലെ നൂറു വര്‍ഷം ഇന്ത മാപ്പിളയ്ക്ക് എന്ന പാട്ടും ഡ്യൂഡില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതും നീക്കം ചെയ്യാന്‍ കോടതി ഉത്തരവില്‍ പറയുന്നു.
അതേസമയം പാട്ടുകള്‍ ഉപയോഗിക്കാന്‍ സോണി മ്യൂസിക് ഉടമകളായ എക്കോ റെക്കോര്‍ഡ്സില്‍ നിന്നും അനുവാദം വാങ്ങിയിരുന്നുവെന്നാണ് നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് കോടതിയെ അറിയിച്ചത്. എന്നാല്‍ ഇരു വാദങ്ങളും കേട്ട കോടതി തന്റെ പാട്ടുകള്‍ മാറ്റം വരുത്തിയും, അനുവാദമില്ലാതെയും ഉപയോഗിച്ചുവെന്ന ഇളയരാജയുടെ പരാതി നിലനില്‍ക്കുന്നതാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് പാട്ടുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്താന്‍ ഇടക്കാല ഉത്തരവിറക്കിയത്.

നേരത്തേയും തന്റെ പാട്ടുകള്‍ അനുവാദമില്ലാതെ ഉപയോഗിക്കുന്നതിനെതിരെ ഇളയരാജ കോടതിയെ സമീപിച്ചിട്ടുണ്ട്. അജിത് കുമാര്‍ നായകനായ ഗുഡ് ബാഡ് അഗ്ലിയില്‍ ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ ഉപയോഗിച്ചിരുന്നു. തുടര്‍ന്ന് ഈ പാട്ടുകള്‍ നീക്കം ചെയ്യാന്‍ കോടതി ഉത്തരവിട്ടു. ഇതോടെ സിനിമ തന്നെ ഒടിടി പ്ലാറ്റ്ഫോമില്‍ നിന്നും പിന്‍വലിക്കുകയുണ്ടായി.

