കൊച്ചി:എട്ടു മാസത്തിനു ശേഷം കേരളത്തിലേക്ക് നടൻ മമ്മൂട്ടി തിരിച്ചെത്തി. കൊച്ചിയിലെത്തിയ മമ്മൂട്ടിയെ സ്വീകരിക്കാൻ ആരാധകരടക്കം നിരവധി ആളുകൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി. മന്ത്രി പി. രാജീവും മറ്റു നിരവധി രാഷ്ട്രിയ നേതാക്കളും മമ്മൂട്ടിയെ സ്വീകരിക്കാൻ എത്തിയിരുന്നു.

വരും ദിവസങ്ങളിൽ മമ്മൂട്ടി കേരളത്തിൽ പൊതുപരിപാടികളിൽ അടക്കം പങ്കെടുക്കുമെന്നാണ് വിവരം. കേരളപിറവി ദിനത്തിൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പരിപാടിയിലും മമ്മൂട്ടി പങ്കെടുക്കും. ഭാര്യ സുൽഫത്തിന് ഒപ്പം സ്വന്തമായി കാറോടിച്ചാണ് മമ്മൂട്ടി വിമാനത്താവളത്തിൽ നിന്നു മടങ്ങിയത്.
സിനിമയിൽ നിന്ന് ഇടവേളയെടുത്ത മമ്മൂട്ടി ഒക്ടോബറിലാണ് വീണ്ടും അഭിനയരംഗത്ത് സജീവമായത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘പേട്രിയറ്റ്’ എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു താരം. വിദേശ രാജ്യങ്ങളിൽ അടക്കം ഷൂട്ടിങ് പൂർത്തിയാക്കിയാണ് മമ്മൂട്ടി കേരളത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.

അതേസമയം, പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമായ കളങ്കാവലും പ്രദർശനത്തിനു ഒരുങ്ങുകയാണ്. നവംബര്‍ 27 ന് ചിത്രം തിയേറ്ററുകളിൽ എത്തും. മമ്മൂട്ടിക്കൊപ്പം വിനായകനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ, മെഗാസ്റ്റാർ വില്ലൻ വേഷത്തിലാകും എത്തുകയെന്നും അഭ്യൂഹങ്ങളുണ്ട്. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിർമിച്ച ചിത്രമാണിതെന്നാണ് റിപ്പോർട്ട്. ജിതിൻ കെ. ജോസ് ആണ് ചിത്രത്തിന്റെ സംവിധായകൻ.

