കൊച്ചി: ‘ടർക്കിഷ് തർക്കം’ എന്ന സിനിമ തിയേറ്ററിൽനിന്നു പിൻവലിച്ചതിൽ പോലീസ് അന്വേഷണം തുടങ്ങി. രഹസ്യാന്വേഷണവിഭാഗം ചില തിയേറ്ററുടമകളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. സാമൂഹികമാധ്യമങ്ങളിൽ സിനിമയ്ക്കും അണിയറപ്രവർത്തകർക്കുമെതിരേ ഭീഷണിയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
മതനിന്ദയുടെപേരിൽ ചിലർ എതിർപ്പുയർത്തിയെന്നു പറഞ്ഞാണ് സിനിമ തിയേറ്ററുകളിൽനിന്ന് പിൻവലിച്ചത്. ഇതിനുപിന്നാലെ സംഭവം വിവാദമാകുകയും മതനിന്ദയുടെപേരിൽ ആരും എതിർപ്പുയർത്തിട്ടില്ലെന്നുകാട്ടി ചിത്രത്തിലെ പ്രധാനനടന്മാരും വി.ടി. ബൽറാമിനെപ്പോലുള്ള രാഷ്ട്രീയനേതാക്കളും രംഗത്തുവരുകയും ചെയ്തു.
ചിത്രത്തിലെ രണ്ട് പ്രധാനതാരങ്ങളും മറ്റൊരുവേഷം അഭിനയിച്ച സഹനടനും ഒരുഭാഗത്തും നിർമാതാവ് മറുഭാഗത്തുമായുള്ള തർക്കമാണ് വിവാദസൃഷ്ടിക്കു പിന്നിലെന്നാണ് വിവരം. 120 സ്ക്രീനുകളിൽ ചിത്രത്തിന് റിലീസ് കിട്ടിയെങ്കിലും അതുപോരെന്ന് പറഞ്ഞ് നടന്മാർ റിലീസിനെ എതിർത്തു. റിലീസിന്റെ തലേന്ന് ചിത്രം പിൻവലിക്കാൻ നിർമാതാവ് ശ്രമിച്ചെങ്കിലും തിയേറ്ററുടമകൾ വഴങ്ങിയില്ല. അങ്ങനെയാണ് നിർമാതാവ് റിലീസ് മാറ്റേണ്ടെന്ന തീരുമാനത്തിലെത്തിയതെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളിലൊരാൾ വെളിപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
നിർമാതാവിനെതിരേ പത്രസമ്മേളനം നടത്തുമെന്നായിരുന്നു നടന്മാരുടെ ഭീഷണി. അങ്ങനെ ഇല്ലാത്ത വിവാദമുണ്ടാക്കി ചിത്രം തിയേറ്ററിൽനിന്ന് പിൻവലിച്ചെന്നാണ് സൂചന. വീണ്ടും റിലീസ് ചെയ്യാനുള്ള ആലോചനകളും നടക്കുന്നുണ്ട്. നിർമാതാവിനോട് വിശദീകരണം തേടിയ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കർശനനടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിട്ടുള്ളത്.
ചിത്രത്തിന്റെ ഷൂട്ടിങ്സമയത്തും വിവാദമുണ്ടായിരുന്നു. രണ്ട് പ്രധാനതാരങ്ങൾ തമ്മിലുള്ള അടിപിടിയെന്നോണം പുറത്തുവന്ന വീഡിയോയായിരുന്നു ഇതിനിടയാക്കിയത്.