തിരുവനന്തപുരം: തലസ്ഥാന നഗരിക്ക് ലോകസിനിമയുടെ വിസ്മയ കാഴ്ചകൾ സമ്മാനിക്കാൻ വീണ്ടും ഒരു ഐഎഫ്എഫ്കെ കാലം വരികയായി. സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 30-ാമത് ഐഎഫ്എഫ്കെയ്ക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 12 വെള്ളിയാഴ്ച വൈകിട്ട് ആറിന് തുടക്കമാകും.

എഴുപതോളം രാജ്യങ്ങളില്‍നിന്നുള്ള 200ലധികം ചിത്രങ്ങള്‍ എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ കാഴ്ചക്കാരുടെ മുന്നിലേക്ക് എത്തും. 30ാമത് പതിപ്പായതിനാൽ സിനിമാസ്വാദകർക്കായി മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ മുപ്പതോളം ചിത്രങ്ങള്‍ അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. കൂടാതെ ഇത്തവണ ഒരു തിയേറ്റര്‍ കൂടി അധികമായി ഒരുക്കിയിട്ടുണ്ട്, 16 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക.
കനേഡിയന്‍ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാര്‍ഷലിനാണ് ഇത്തവണത്തെ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ്. സമൂഹത്തിലെ അനീതികള്‍ക്കെതിരെ സിനിമയിലൂടെ പോരാടുന്ന നിര്‍ഭയരായ വനിതാ ചലച്ചിത്രപ്രവര്‍ത്തകരെ ആദരിക്കുന്നതിനായി 26ാമത് ഐഎഫ്എഫ്കെയിൽ ഏർപ്പെടുത്തിയ അവാർഡാണ് ‘സ്പിരിറ്റ് ഓഫ് സിനിമ’. കുര്‍ദിഷ് സംവിധായികയായ ലിസ കലാന് ആയിരുന്നു ഈ അവാർഡിന്റെ പ്രഥമ ജേതാവ്. അഞ്ച് ലക്ഷം രൂപയും ശില്‍പ്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

അനീതിക്കെതിരായ പ്രതിരോധത്തിന്റെ ആയുധമായി തന്നെയാണ് കെല്ലിയും സിനിമയെ ഉപയോഗിക്കുന്നത്. ഭരണകൂടത്തിന്റെ നിരന്തരമായ പീഡനത്തിന് വിധേയയായിട്ടും അവകാശപ്പോരാട്ടം തുടരുന്ന ഇറാനിയൻ ചലച്ചിത്രകാരി മഹ്നാസ് മുഹമ്മദി, കെനിയയിലെ യാഥാസ്ഥിതിക മൂല്യങ്ങള്‍ക്കെതിരെ പൊരുതുന്ന സംവിധായിക വനൂരി കഹിയു, ഇന്ത്യന്‍ സംവിധായിക പായല്‍ കപാഡിയ എന്നിവരുടെ പിൻമുറക്കാരിയായി കെല്ലി ഫൈഫ് മാര്‍ഷൽ ഈ പുരസ്കാരത്തിന് അർഹയായതും അതുകൊണ്ടാണ്.

