കൊച്ചി: ‘അമ്മ’ സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജന്‍ഡയായി ശ്വേതമേനോന് എതിരായ കേസ് അനേഷിക്കണമെന്ന് നടന് ബാബുരാജ്. കേസില്‍ തനിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അഭിനയം നിര്‍ത്തുമെന്നും ബാബുരാജ് പറഞ്ഞു. കൊച്ചിയില്‍ നടക്കുന്ന ‘അമ്മ’ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു ബാബുരാജ്.

ശ്വേത മേനോന് എന്റെ അടുത്ത സുഹൃത്താണ്. സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജന്‍ഡയായി ശ്വേതമേനോന് എതിരായ കേസ് അനേഷിക്കണം. ആരാണ് അത്തരമൊരു പരാതിക്ക് പിന്നിലെന്ന് കണ്ടെത്തണം. പരാതിക്ക് പിന്നില്‍ തനിക്ക് എന്തെങ്കിലും പങ്കുണ്ട് എന്ന് തെളിഞ്ഞാല്‍ താന്‍ അഭിനയം നിര്‍ത്തുമെന്നും ബാബുരാജ് പറഞ്ഞു.
തനിക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മത്സരിക്കുന്നത് ശരിയല്ല എന്ന് തോന്നിയതുകൊണ്ടാണ് പത്രിക പിന്‍വലിച്ചത്. ‘അമ്മ’ സംഘടനയുടെ തലപ്പത്തേക്ക് വനിതകള്‍ വരണമെന്ന് തന്നെയാണ് തന്റെയും ആഗ്രഹമെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു.

സംഘടനക്ക് അകത്തുള്ള പ്രശ്നങ്ങളെക്കുറിച്ച് സംഘടനയ്ക്ക് അകത്താണ് പറയേണ്ടത്. പറയേണ്ട കാര്യങ്ങള്‍ ‘അമ്മ’ ജനറല്‍ബോഡിയില്‍ പറയും. തനിക്കെതിരായ ആരോപണങ്ങളില്‍ ഒന്നും പറയാനില്ലാത്തത് കൊണ്ടല്ല നിശബ്ദമായി നിന്നത്. എന്നെക്കുറിച്ച് പറഞ്ഞാല്‍ പലതും വിശ്വസിക്കും. അതാണ് പലരും പറഞ്ഞു പരത്തിയത്. ‘അമ്മ’യ്ക്കൊപ്പം എപ്പോഴും ഉണ്ടാകും. ‘അമ്മ’ തുടങ്ങിവച്ച നല്ല പ്രവര്‍ത്തികള്‍ ഇനിയും തുടരുമെന്നും നടന് പറഞ്ഞു.

