ചായക്കപ്പിൽ മുക്കി കഴിക്കുന്ന പാർലെ-ജി ബിസ്ക്കറ്റിന്റെ മധുരം അറിയാത്തവരായി ആരും കാണില്ല. നമ്മുടെയൊക്കെ ബാല്യകാല ഓർമ്മകളിൽ ഇത്രയേറെ ഇടംപിടിച്ച മറ്റൊരു ബിസ്ക്കറ്റ് ഉണ്ടോ എന്ന് സംശയമാണ്. ഇപ്പോഴിതാ, മുംബൈയിലെ വൈൽ പാർലെയിലുള്ള പാർലെ-ജിയുടെ ഏറ്റവും പഴയ ഫാക്ടറി അടച്ചുപൂട്ടുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.

ഒരു ഫാക്ടറി പൂട്ടുന്നു എന്നതിലുപരി, ഇന്ത്യക്കാരുടെ ഒരു വികാരമാണ് അവസാനിക്കുന്നത്.
ഇനി ആ കെട്ടിടം നിലനിൽക്കില്ലെങ്കിലും, അവിടുന്ന് പുറത്തുവന്നിരുന്ന ബിസ്ക്കറ്റിന്റെ ആ മധുരമുള്ള മണവും മായാത്ത ഓർമ്മകളും ആളുകളുടെ ഓർമ്മകളിൽ ജീവിക്കും.

മിഠായികൾ ഉണ്ടാക്കി തുടങ്ങിയ പാർലെ കമ്പനി 1939-ലാണ് ബിസ്ക്കറ്റ് നിർമ്മാണത്തിലേക്ക് മാറുന്നത്. പിന്നീട് നമ്മൾ ഇരുകൈയും നീട്ടി സ്വീകരിച്ച മൊണാക്കോ, ഹൈഡ് ആൻഡ് സീക്ക്, മെലഡി, കിസ്മി എന്നിവയൊക്കെ പാർലെയിൽ നിന്ന് പിറന്നവയാണ്.

