ഒന്നിലധികം ടാബുകള്‍ തുറന്നിട്ട ഒരു കമ്പ്യൂട്ടര്‍ പോലെയാണ് ഇന്ന് പലരുടെയും മനസും തലച്ചോറും. ‘ഞാന്‍ അന്ന് അങ്ങനെ ചെയ്തത് ശരിയായിരുന്നോ?, അന്ന് അവിടെ പോയിരുന്നെങ്കില്‍ ഇന്ന് മറ്റൊന്നായെനെ വിധി. അങ്ങനെ തുടങ്ങി ഓരോ സെക്കന്റിലും നമ്മള് ഒരു മെന്റല്‍ ലൂപ്പില്‍ വട്ടം കറങ്ങിക്കൊണ്ടിരിക്കുന്നു. ഇതിനെ ഓവര്‍ തിങ്കിങ് അല്ലെങ്കില്‍ അമിത ചിന്ത എന്ന് വിശേഷിപ്പിക്കാം.

ഓവര്‍ തിങ്കിങ് എത്രത്തോളം നിങ്ങളുടെ ഊര്‍ജ്ജം ഊറ്റിയെടുക്കുന്നുണ്ടെന്ന് അറിയാമോ? ഇത് നിങ്ങളുടെ സമാധാനം, വ്യക്തത,വര്‍ത്തമാനകാലത്തില്‍ ജീവിക്കാനുള്ള കഴിവ് എന്നിവ ഇല്ലാതാക്കുന്നു. സ്വയം ആവര്‍ത്തിച്ചു പറഞ്ഞു പഠിപ്പിക്കുന്ന ഈ കെട്ടുകഥകളുടെ മെന്റല്‍ ലൂപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു ‘ത്രീ സ്റ്റെപ്പ് ടെക്നിക്’ പരീക്ഷിക്കാം.
സ്റ്റെപ്പ് വണ്‍: കെട്ടുകഥയും സംഭവവും തമ്മില്‍ വേര്‍പെടുത്തി എടുക്കുക.

ഓവര്‍തിങ്കിങ് എപ്പോഴും യഥാര്‍ഥ സംഭവങ്ങളെയും നിങ്ങളുടെ ചിന്തകളെയും തമ്മില്‍ ആശയക്കുഴപ്പത്തിലാക്കും. ഉദാഹരണത്തിന്, നിങ്ങളുടെ സുഹൃത്ത് രണ്ട് ദിവസമായി നിങ്ങളുടെ സന്ദേശത്തിന് മറുപടി നല്‍കിയില്ലെന്ന് വിചാരിക്കുക. നിങ്ങളുടെ മനസ് സ്വാഭാവികമായും കഥ മെനഞ്ഞു തുടങ്ങും.

അവള് അല്ലെങ്കില്‍ അവന് എന്നോട് പിണങ്ങിയിരിക്കുകയായിരിക്കും, അത് ഒരുപക്ഷെ എന്റെ കുറ്റം കൊണ്ടായിരിക്കും, അല്ലെങ്കില്‍ അവന് ഈ സൗഹൃദത്തിന് അത്ര വില നല്‍കുന്നില്ല. അങ്ങനെ തുടങ്ങി പല തരത്തില്‍ ചിന്ത പോകും. എന്നാല്‍ ചിന്തകള്‍ക്ക് ഒരു സാവകാശം നല്കി എന്താണ് സംഭവിച്ചത് എന്നതില്‍ മാത്രം കേന്ദ്രീകരിക്കുക, അതാണ് ആദ്യ ഘട്ടം. സംഭവങ്ങളെ കഥകളില്‍ നിന്ന് വേര്‍തിരിച്ചു പിടിക്കുമ്പോള്‍ ഓവര്‍ തിങ്കിങ് കുറഞ്ഞു തുടങ്ങും. ഒറ്റ വാക്യത്തില്‍ നിന്ന് 10 ചാപ്റ്ററുള്ള ഒരു നോവല്‍ തന്നെ ചിലര്‍ സങ്കല്പ്പിച്ചു കളയും.
സ്റ്റെപ്പ് ടൂ- തീരുമാനിക്കുക, പിന്നീട് വിട്ടു നില്ക്കുക
അമിതചിന്തയെ ട്രിഗര്‍ ചെയ്യുന്ന ഒരു പ്രധാന ഘടകം തീരുമാനങ്ങളാണ്. ആളുകള്‍ക്ക് തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അവ തെറ്റിപ്പോകുമോ എന്ന ഭയം എപ്പോഴും ഉണ്ടാകും. അതുകൊണ്ട് തന്നെ ഒരു ആയിരം വട്ടം അതില്‍ ചിന്തിച്ചുകൊണ്ടിരിക്കും. ഓവര്‍ തിങ്കിങ് ഒരിക്കലും നല്ല തീരുമാനങ്ങളിലേക്ക് നയിക്കില്ല. മറിച്ച് തീരുമാനം വൈകിപ്പിക്കുക മാത്രമാണ് ചെയ്യുക.
ഇതിനെ രണ്ട് രീതിയില്‍ സമീപിക്കാം:
തീരുമാനം എടുക്കാന്‍ ഒരു നിശ്ചിത സമയം നല്‍കുക- (കാര്യത്തിന്റെ വ്യാപ്തി അനുസരിച്ച് 5 മിനിറ്റ് മുതല്‍ 24 മണിക്കൂര്‍ വരെ).
ഒരിക്കല്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ പിന്നെ തിരിഞ്ഞു നോക്കരുത്. അതായത്, പിന്നീട് അതിനെ വീണ്ടും ശസ്ത്രക്രിയ നടത്തി അലമ്പാക്കരുതെന്ന് സാരം.
തീരുമാനത്തില്‍ തിരിഞ്ഞു നോക്കുന്നില്ല, എന്നാല്‍ കാര്യങ്ങളെ അവഗണിക്കുക എന്നല്ല. നിങ്ങളുടെ സ്വയം അമിത സമ്മര്‍ദം നല്കുന്നതില് നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നവെന്നാണ്.
സ്റ്റെപ്പ് ത്രീ: മൈക്രോ ആക്ഷന്‍സ്
ഇപ്പോള്‍ എന്ത് നടക്കുന്നവെന്നതിനെ കുറിച്ച് ഒരിക്കലും അമിത ചിന്തയില്‍ വരില്ല. അത് എപ്പോഴും ഭൂതകാലം (കുറ്റബോധം) അല്ലെങ്കില്‍ ഭാവിയുമായി (വരാന്‍ പോകുന്ന സംഭവത്തെ കുറിച്ചോര്‍ച്ച് സങ്കടം) ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ അതില്‍ നിന്ന് പുറത്തു വരാനുള്ള ഏറ്റവും മികച്ച മാര്‍ഗം വര്‍ത്തമാനകാലത്തേക്ക് വലിച്ചടുക്കുക എന്നതാണ്. അതിന് മൈക്രോ ആക്ഷന്‍സ് സഹായിക്കും.
മൈക്രോ ആക്ഷന്‍സ് എന്നാല്‍ വളരെ ചെറുതും വേഗത്തിലുമായിരിക്കണം. ഉദ്ദാ:
കൈകളിലേക്ക് തണുത്ത വെള്ളം 10 സെക്കന്റ് ഒഴിക്കുക.
ചുറ്റുമുള്ള 5 കാര്യങ്ങളെ ശ്രദ്ധിക്കുക, 4 കാര്യങ്ങള്‍ സ്പര്‍ശിക്കുക, മൂന്ന് ശബ്ദങ്ങള്‍ കേള്‍ക്കുക, രണ്ട് മണങ്ങള്‍ തിരിച്ചറിയുക, ഒരു കാര്യം രുചിക്കുക. ‘
സ്ഥിരതയാണ് പ്രധാനം. എത്ര ആവര്‍ത്തി നിങ്ങളുടെ മനസിനെ മൈക്രോ ആക്ഷന്‍സിന്റെ സഹായത്തോടെ വര്ത്തമാനകാലത്തിലെത്തിക്കുന്നുവോ അത്രയും വേഗത്തില്‍ നിങ്ങളുടെ തലച്ചോര്‍ അതിനോട് പരിചയപ്പെടും. കാലക്രമേണ ഈ ടെക്നിക് നിങ്ങളുടെ ഓവര്‍ തിങ്കിന് നീക്കുക മാത്രമല്ല, ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായിക്കും.
10 തവണ ശ്വസന വ്യായാമങ്ങള്‍ ചെയ്യുക.
