ഫുഡ് ക്രേവിങ്സ് ഉണ്ടാകുമ്പോൾ നേരെ ജങ്ക് ഫുഡ് തിരഞ്ഞെടുക്കുന്നവർക്ക് ശരീരഭാരം മാത്രമല്ല, ഉത്കണ്ഠയും ഏറും. കൊഴുപ്പ് ഉയർന്ന അളവിൽ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നമ്മുടെ ഗട്ട് മൈക്രോബയോമിൽ മാറ്റങ്ങൾ വരുത്താനും അനാരോഗ്യകരമായ ബാക്ടീരിയകളെ വാഗസ് നാഡിയിലൂടെ തലച്ചോറിലേക്ക് കയറ്റിവിടുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

സെറോടാണിൻ പൊതുവെ ‘ഫീൽ-ഗുഡ്’ ഹോർമോൺ ആയാണ് കരുതുന്നത്. എന്നാൽ ഈ ഹോർമോൺ സജീവമാകുന്നതോടെ തലച്ചോറിലെ ചില നാഡീകോശങ്ങൾ ഉത്കണ്ഠ പോലുള്ള പ്രതികരണങ്ങൾ ഉണ്ടാക്കുമെന്ന് അമേരിക്കയിലെ കൊളറാഡോ സര്‍വകലാശാല സമീപകാലത്ത് നടത്തിയൊരു പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
എലികളിൽ നടത്തിയ പരീക്ഷണത്തിൽ സെറോടോണിൻ ഉൽപാദനവുമായി ബന്ധപ്പെട്ട ട്രിപ്റ്റോഫാൻ ഹൈഡ്രോക്സൈലേസ് ഉൾപ്പെടെ മൂന്ന് ജീനുകൾ സജീവമാകുന്നതായും കണ്ടെത്തി. ഇതിൽ ട്രിപ്റ്റോഫാൻ ഹൈഡ്രോക്സൈലേസ് അഥവ ടിപിഎച്ച് 2 മനുഷ്യരിലെ മാനസിക വൈകല്യങ്ങളുമായും ആത്മഹത്യയുമായി ബന്ധപ്പെട്ടതാണ്.

പ്രധാനമായും പൂരിത കൊഴുപ്പുകൾ അടങ്ങിയ അൾട്രാ-ഹൈ ഫാറ്റ് ഡയറ്റ് പിന്തുടരുന്നത് യുവാക്കളിൽ ഹ്രസ്വകാലത്തേക്ക് ഉത്കണ്ഠ വർധിപ്പിക്കുകയും ഭാവിയിൽ തലച്ചോറിനെ കുഴപ്പലാക്കുകയും ചെയ്യുമെന്നും ഗവേഷകർ വിശദീകരിച്ചു. പഴങ്ങളിലും പച്ചക്കറിയിലും അടങ്ങിയ ആരോഗ്യകരമായ കൊഴുപ്പ് സംസ്കരിച്ച ഭക്ഷണങ്ങളിൽ അടങ്ങിയ ആനാരോഗ്യകരമായ കൊഴുപ്പുകൾ കാരണമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ചെറുക്കാൻ സഹായിക്കുമെന്നും ഗവേഷകർ കൂട്ടിച്ചേർത്തു.

