മംഗളൂരു: കർണാടകയിലെ ബാഗൽകോട്ടിൽ ശ്രീരാമസേനയുടെ നേതൃത്വത്തിൽ യുവാക്കൾക്ക് വെടിവെപ്പ് പരിശീലനം. തോഡലബാഗി ഗ്രാമത്തിലെ വയലിൽ നടന്ന വെടിവെപ്പ് പരിശീലനത്തിൽ 196 പേർ പങ്കെടുത്തതായാണ് വിവരം. സംഭവത്തിൽ മൂന്നാഴ്ചക്ക് ശേഷം പൊലീസ് 12 പേർക്കെതിരെ കേസെടുത്തു.
ഡിസംബർ അവസാനവാരം തോഡലബാഗി ഗ്രാമത്തിലെ കർഷകന്റെ ഭൂമിയിൽ ശ്രീരാമസേന ഒരാഴ്ച നീണ്ട വ്യക്തിത്വ വികസന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അവസാന ദിവസം വെടിവെപ്പിൽ പരിശീലനം നൽകിയതെന്ന് ബംഗളൂരു ആസ്ഥാനമായ ഓൾ ഇന്ത്യ അസോസിയേഷൻ ഫോർ ജസ്റ്റിസ് നൽകിയ പരാതിയിൽ പറയുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ബാഗൽകോട്ട് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
അതേസമയം, റൈഫിൾ പരിശീലനം ശ്രീരാമ സേന പരിപാടിയുടെ ഭാഗമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് വയലുടമ പൊലീസിന് മൊഴി നൽകി. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അസോസിയേഷൻ ഡി.ജി.പി അലോക് മോഹന് നിവേദനം നൽകിയിരുന്നു.
വെടിവെപ്പ് പരിശീലനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ജില്ല പൊലീസ് സൂപ്രണ്ട് അമർനാഥ് റെഡ്ഡി പറഞ്ഞു.