ന്യൂഡല്‍ഹി: നെഹ്റു- ഗാന്ധി കുടുംബത്തെ ലക്ഷ്യംവെച്ച് നടത്തിയ പ്രസ്താവനകളുടെ അലയൊലികള്‍ മാറുംമുന്പ് വീണ്ടും കോണ്‍ഗ്രസിനെ വെട്ടിലാക്കി പ്രവര്‍ത്തകസമിതി അംഗം ശശി തരൂര്‍. ന്യൂയോര്‍ക്ക് മേയര്‍ സോഹ്രാന്‍ മംദാനിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വിഡിയോ സഹിതം ശശി തരൂര്‍ എക്സില്‍ പങ്കുവെച്ച കുറിപ്പാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയത്.

‘ജനാധിപത്യം ഇങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത്. തെരഞ്ഞെടുപ്പുകളില്‍ തങ്ങളുടെ ആശയത്തിനായി ആവേശത്തോടെ പോരാടുക, എന്നാല്‍ അത് അവസാനിച്ചുകഴിഞ്ഞാല്‍ രാജ്യത്തിന്റെ പൊതു താല്‍പ്പര്യങ്ങള്‍ക്കായി പരസ്പരം സംസാരിക്കാനും സഹകരിക്കാനും പഠിക്കണം. ഇന്ത്യയില്‍ ഇത് കൂടുതല്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതില്‍ പങ്ക് വഹിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.’-ശശി തരൂര്‍ എക്സില്‍ കുറിച്ചു. വൈറ്റ് ഹൗസില്‍ മംദാനിയും ഡോണള്‍ഡ് ട്രംപും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു ശശി തരൂരിന്റെ വാക്കുകള്‍.
ന്യൂയോര്‍ക്ക് നഗരത്തിന്റെ മേയര്‍ തെരഞ്ഞെടുപ്പില്‍ അതിരൂക്ഷ ആരോപണ പ്രത്യാരോപണങ്ങളും വിമര്‍ശനങ്ങളുമായിരുന്നു ട്രംപും മംദാനിയും പരസ്പരം ഉന്നയിച്ചിരുന്നത്. എന്നാല്‍ മേയറായി തെരഞ്ഞെടുക്കപ്പട്ട ശേഷം കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ നടന്ന കൂടിക്കാഴ്ച സൗഹാര്‍ദപൂര്‍ണമായിരുന്നു. ഇതിനെ പരാമര്‍ശിച്ചാണ് തരൂരിന്റെ കുറിപ്പ്. കോണ്‍ഗ്രസിനെതിരായ പരോക്ഷവിമര്‍ശനമായും കുറിപ്പിനെ ചിലര്‍ വിലയിരുത്തുന്നുണ്ട്.മംദാനി ന്യൂയോര്‍ക്കിന്റെ നല്ല മേയറായിരിക്കുമെന്നാണ് പ്രതീക്ഷ എന്ന് പറഞ്ഞ് മംദാനിയെ പ്രശംസിക്കാനും ട്രംപ് മറന്നില്ല.വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചക്ക് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ട്രംപിന്റെ മംദാനി പ്രശംസ. മികച്ച കൂടിക്കാഴ്ചയായിരുന്നുവെന്നും ട്രംപ് പറഞ്ഞു.

ന്യൂയോര്‍ക്കിന് നല്ല ഭാവി മേയര്‍ മംദാനിക്ക് കീഴില്‍ ഉണ്ടാകുമെന്ന് പറഞ്ഞ ട്രംപ് ന്യൂയോര്‍ക്കിന്റെ വെല്ലുവിളികളും സാധ്യതകളും മനസിലാക്കിയ നേതാവാണ് മംദാനിയെന്നും പറഞ്ഞു. പല വിയോജിപ്പുകളുണ്ടെങ്കിലും യോജിക്കാവുന്ന നിരവധി മേഖലകളുണ്ട്. മംദാനി മുന്നോട്ടുവച്ച ആശയങ്ങള്‍ തന്റെത് കൂടിയാണെന്നും ട്രംപ് പറഞ്ഞു. മംദാനിയുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ കഴിയുന്നത് തനിക്ക് ‘സുഖകരമായ’ അനുഭവമായിരിക്കുമെന്നും ട്രംപ് പറഞ്ഞു. അര മണിക്കൂറിലധികം സമയം കൂടിക്കാഴ്ച നീണ്ടു. മംദാനിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള തന്റെ ധാരണകളെ ഈ കൂടിക്കാഴ്ച മാറ്റിമറിച്ചുവെന്നും ട്രംപ് പറഞ്ഞു.

