ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് അടുത്ത ആഴ്ച ഇന്ത്യയില്‍ എത്തും. ഡിസംബര്‍ നാല് മുതല്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പുടിന് ഇന്ത്യയിലെത്തുക. വിദേശകാര്യ മന്ത്രാലയമാണ് തീയ്യതി അറിയിച്ചത്.

23-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പുടിന് പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പുടിന് കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം, നയതന്ത്ര പങ്കാളിത്തം, ഇരുരാജ്യങ്ങളെയും ബാധിക്കുന്ന പൊതുവായ പ്രാദേശിക, ആഗോള സംഭവവികാസങ്ങള്‍ എന്നിവയില്‍ ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വ്യാപാരം, പ്രതിരോധം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതിനുള്ള കരാറുകളും പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ സാധ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്ക് ട്രംപ് അധിക തീരുവ ചുമത്തിയ നടപടികള്‍ പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യുഎസുമായി ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് പുടിന്റെ ഇന്ത്യ സന്ദര്‍ശനം.

