കീം 2026 ന് അപേക്ഷിച്ചവർക്ക് തങ്ങളുടെ അപേക്ഷയിൽ പുതിയ കോഴ്സുകൾ കൂട്ടിച്ചേർക്കാൻ അവസരമുണ്ടെന്ന് പരീക്ഷാ കമ്മീഷണർ ഓഫീസ് അറിയിച്ചു.
കീം 2026 മുഖേന എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾ എന്നിവയിൽ ഏതെങ്കിലും കോഴ്സുകളിലേക്ക് ഇതിനോടകം ഓൺലൈനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്കാണ് ഈ അവസരം ലഭിക്കുക.

നിലവിൽ കീം 2026 ൽ അപേക്ഷിച്ചവർക്ക് താൽപ്പര്യം ഉണ്ടെങ്കിൽ കീമിലെ ഭാഗമായുള്ള പുതിയ കോഴ്സുകൾ കൂടി അപേക്ഷയിൽ കൂട്ടിച്ചേർക്കുന്നതിനുള്ള (Course Addition) അവസരം ലഭ്യമാണ്.
ആർക്കിടെക്ചർ (B.Arch): കോഴ്സ് കൂട്ടിച്ചേർക്കുന്നവർ കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന NATA പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടിയിരിക്കണം. മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾ കൂട്ടിച്ചേർക്കുന്നവർ NTA നടത്തുന്ന NEET-UG 2026 പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടണം.

കീം 2026-ന് അപേക്ഷിച്ചവർക്ക് കോഴ്സുകൾ കൂട്ടിച്ചേർക്കുന്നതിന് ഫെബ്രുവരി 12 വൈകുന്നേരം അഞ്ച് വരെ സമയം ഉണ്ട്. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in ലൂടെ വേണം ഈ കൂട്ടിച്ചേർക്കൽ നടത്താൻ.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2332120.

