തിരുവനന്തപുരം: കോളേജുകളിൽ പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായിരുന്ന എൻസിസിയും എൻഎസ്എസും നാലുവർഷ ബിരുദത്തിലെ കോഴ്സുകളായി മാറുന്നു. യുജിസി മാർഗനിർദേശമനുസരിച്ചാണ് അഴിച്ചുപണി. എൻസിസിയും എൻഎസ്എസും മൂന്നു ക്രെഡിറ്റുകൾ വീതമുള്ള മൂല്യവർധിത കോഴ്സുകളാക്കി മാറ്റാനാണ് തീരുമാനം. എൻസിസി കോഴ്സിന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രത്യേക മാർഗരേഖ തയ്യാറാക്കി. എൻഎസ്എസിനുള്ള മാർഗരേഖ ബന്ധപ്പെട്ട വിഭാഗം തയ്യാറാക്കി സർവകലാശാലകൾക്കു കൈമാറും.

നാലുവർഷ ബിരുദത്തിൽ 2-3 വർഷത്തിനുള്ളിൽ പൂർത്തിയാക്കാവുന്ന വിധമാണ് കോഴ്സ് ഘടന. നാലാം സെമസ്റ്ററിലോ ആറാം സെമസ്റ്ററിലോ കോഴ്സ് പൂർത്തീകരിച്ചാൽ മതി. ക്രെഡിറ്റ് നൽകുന്നത് ആറാം സെമസ്റ്ററിലായിരിക്കും.
അച്ചടക്കം, കായികക്ഷമത, സേവന സന്നദ്ധത, വ്യക്തിത്വവികാസം, നേതൃപാടവം, അപായഘട്ടങ്ങളെ അഭിമുഖീകരിക്കൽ തുടങ്ങിയ ശേഷികൾ വിദ്യാർഥികൾക്ക് ആർജിക്കാനാവും വിധമാണ് എൻസിസി മാർഗരേഖ. പരേഡും പരിശീലനവും ഇപ്പോഴത്തെ നിലയിൽ തുടരും. എൻസിസിയുടെ ഓരോ പ്രവർത്തനഘട്ടവും ഒരു കോഴ്സ് ഘടനയിലേക്കു മാറ്റാവുന്ന തരത്തിലാണ് അഴിച്ചുപണി.
100 മാർക്കിന്റെ അടിസ്ഥാനത്തിലാണ് മൂല്യനിർണയം. ഇതിൽ സിദ്ധാന്തത്തിനും പ്രയോഗത്തിനും 30 മാർക്ക് വീതമുണ്ടാവും. ക്യാമ്പ് പങ്കാളിത്തത്തിന് 20, പരിസ്ഥിതി-സാമൂഹിക പ്രവർത്തനങ്ങൾ-15 എന്നിവയ്ക്കു പുറമേ, ഹാജറും അച്ചടക്കവും വിലയിരുത്തി അഞ്ചുമാർക്കും നൽകും. രക്തദാനവും ശുചിത്വ ഭാരതയജ്ഞവും സാമൂഹിക സേവനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യോഗ, വൃക്ഷത്തൈ നടീൽ, ഗതാഗത ബോധവത്കരണം തുടങ്ങിയവ പ്രാക്ടിക്കലിലും ഉൾപ്പെടുത്തി.

സിദ്ധാന്തപാഠങ്ങൾ
ദുരന്തനിവാരണം, പ്രഥമ ശുശ്രൂഷ, സർക്കാരിന്റെ സാമൂഹികവികസന പദ്ധതികളുടെ നിർവഹണം, വ്യക്തിത്വവികാസം, ദേശീയ പ്രതിബദ്ധത, കാലാവസ്ഥാ വ്യതിയാനം, ജലസംരക്ഷണം, മഴവെള്ള സംഭരണം.

പ്രായോഗികപാഠങ്ങൾ
ഡ്രിൽ, പരിശീലനം, ക്യാമ്പ് പങ്കാളിത്തം, ശുചീകരണയജ്ഞം, യോഗ, കായികക്ഷമത, രക്തദാനം.
