കേരള ആരോഗ്യ സർവകലാശാലയ്ക്കു കീഴിൽ കണ്ണൂരിലെ എംവിആർ പറശ്ശിനിക്കടവ് ആയുർവേദ മെഡിക്കൽ കോളജിലുള്ള (www.mvramc.in, ഫോൺ: 0497 2780250) ആയുർവേദ നഴ്സിങ്, ഫാർമസി ബിഎസ്സി പ്രോഗ്രാമുകളിലേക്ക് സെപ്റ്റംബർ 12 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീ 800 രൂപ ഓൺലൈനായോ ഫെഡറൽ ബാങ്ക് വഴിയോ അടയ്ക്കാം. പട്ടികവിഭാഗക്കാർക്ക് 400 രൂപ. എൽബിഎസ് സെന്ററിന്റെ നേതൃത്വത്തിലാണ് പ്രവേശനം.

ഇരുപ്രോഗ്രാമുകൾക്കും 50 സീറ്റ് വീതം. 4 വർഷമാണു കാലാവധി. എൻട്രൻസ് പരീക്ഷയില്ല. പ്ലസ്ടുവിലെ അവസാന വർഷ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്കു നേടിയ ആകെ മാർക്കു നോക്കിയാണു റാങ്കിങ്.
പ്രവേശനയോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്കു മൊത്തം 50% എങ്കിലും മാർക്കോടെ പ്ലസ്ടു / തുല്യയോഗ്യത വേണം. പിന്നാക്ക വിഭാഗക്കാർക്ക് 45% മതി. പട്ടികവിഭാഗക്കാർക്കു മാർക്ക് നിബന്ധനയില്ല. പ്രായപരിധി 2025 ഡിസംബർ 31നു 17–35 വയസ്സ്.

സർക്കാർ സീറ്റുകളിലെ ഫീസ്: നഴ്സിങ്ങിനു വാർഷിക ട്യൂഷൻഫീ 53,000 രൂപ. സ്പെഷൽ ഫീ ആദ്യവർഷം 25,000 രൂപയും തുടർന്നു പ്രതിവർഷം 20,000 രൂപയും. ഫാർമസിക്ക് ഇവ യഥാക്രമം 63,600 / 30,000 / 25,000 രൂപ.

