ടെഹ്റാൻ: യുഎസ്-ഇസ്രായേൽ സഖ്യം ഇറാനെതിരെ നടത്തുന്ന യുദ്ധത്തിന്റെ മൂന്നാം ദിവസം കനത്ത നാശനഷ്ടം. കുവൈത്തിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടതായി പെന്റഗൺ സ്ഥിരീകരിച്ചു, ലക്ഷ്യങ്ങൾ കൈവരിക്കുന്നത് വരെ സൈനിക നടപടി തുടരുമെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു.

ഇതുവരെയുള്ള ആക്രമണങ്ങളിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും 40-ഓളം മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഇതിന് തിരിച്ചടിയായി ഇസ്രായേലിനും ഗൾഫിലെ യുഎസ് താവളങ്ങൾക്കും നേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. ഇറാനിലെ ആയിരത്തിലധികം കേന്ദ്രങ്ങളിൽ യുഎസ് സൈന്യം ഇതിനകം ആക്രമണം നടത്തിയിട്ടുണ്ട്. അതേസമയം, ഹിസ്ബുള്ളയുമായുള്ള പിരിമുറുക്കം വർധിക്കുന്ന സാഹചര്യത്തിൽ തെക്കൻ ലെബനനിലെ ഡസൻ കണക്കിന് ഗ്രാമങ്ങളിൽ ഇസ്രായേൽ ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചു.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ മരണത്തിന് പിന്നാലെ ഇറാന്റെ പുതിയ നേതൃത്വവുമായി ചർച്ചയ്ക്ക് തയ്യാറെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ, ട്രംപിന്റെ പ്രസ്താവനയ്ക്കുശേഷവും ഇറാനെതിരെയുള്ള ആക്രമണം ഇസ്രായേൽ തുടരുന്നു.

ഇറാൻ, ഇസ്രായേലിനും ഗൾഫ് അറബ് രാജ്യങ്ങൾക്കും നേരെ മിസൈലുകൾ പ്രയോഗിച്ചു. ഈ പ്രത്യാക്രമണത്തിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടതായി അമേരിക്കൻ സൈന്യം അറിയിച്ചു. ജറുസലേം ഉൾപ്പെടെ ഇസ്രായേലിലെ പലയിടങ്ങളിലും മിസൈലുകൾ പതിച്ചു.

മധ്യ നഗരമായ ബെയ്റ്റ് ഷെമേഷിലെ ഒരു സിനഗോഗിലുണ്ടായ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതോടെ ഇസ്രായേലിലെ ആകെ മരണസംഖ്യ 11 ആയി. ആക്രമണത്തിന് ശേഷം 11 പേരെ കാണാതായതായി പോലീസ് അറിയിച്ചു.
