ന്യൂയോർക്ക്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയും ഭാര്യ സിലിയ ഫ്ലോറസും നിലവിൽ യുഎസ് യുദ്ധക്കപ്പലായ ‘ഐവോ ജിമ’യിലാണെന്നും ഇരുവരെയും വിചാരണയ്ക്കായി ന്യൂയോർക്കിലേക്ക് എത്തിക്കുകയാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ശനിയാഴ്ച ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് നാടകീയമായ ഈ വെളിപ്പെടുത്തൽ ട്രംപ് നടത്തിയത്.

ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയുടെ പ്രസിഡന്റിനെ പിടികൂടി രാജ്യത്തിന് പുറത്തെത്തിച്ച സാഹചര്യത്തിൽ, അവിടെ ഇനി എന്ത് സംഭവിക്കണം എന്നതിനെക്കുറിച്ച് അമേരിക്ക തീരുമാനമെടുക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ‘വെനസ്വേലയുടെ ഭരണം ഇനി ആര് ഏറ്റെടുക്കണം എന്ന കാര്യത്തിൽ ഞങ്ങൾ സജീവമായി ഇടപെടും. മഡുറോ ഉപേക്ഷിച്ചുപോയ അധികാരം മറ്റാരെങ്കിലും കൈക്കലാക്കാൻ ഞങ്ങൾ അനുവദിക്കില്ല,’ ട്രംപ് പറഞ്ഞു.
മഡുറോയ്ക്ക് മുന്നിൽ പലതവണ ഒത്തുതീർപ്പ് ചർച്ചകൾക്കുള്ള അവസരം നൽകിയിരുന്നെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നുവെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് വ്യക്തമാക്കി. മയക്കുമരുന്ന് കടത്ത് അവസാനിപ്പിക്കണമെന്നും മോഷ്ടിച്ച എണ്ണ അമേരിക്കയ്ക്ക് തിരികെ നൽകണമെന്നും കർശന നിർദ്ദേശം നൽകിയിരുന്നു. പറഞ്ഞ കാര്യങ്ങൾ പ്രവർത്തിക്കുന്ന വ്യക്തിയാണ് പ്രസിഡന്റ് ട്രംപ് എന്ന് മഡുറോ ഇപ്പോൾ തിരിച്ചറിഞ്ഞുകാണുമെന്നും വാൻസ് എക്സിൽ കുറിച്ചു.

2020-ൽ മഡുറോയ്ക്കും മറ്റ് ഉന്നത വെനസ്വേലൻ ഉദ്യോഗസ്ഥർക്കുമെതിരെ ‘നാർക്കോ-ടെററിസം’ (മയക്കുമരുന്ന് ഭീകരവാദം) ഗൂഢാലോചന കുറ്റം ചുമത്തിയിരുന്നു. യുഎസ് സൈന്യം മഡുറോയെ പിടികൂടിയതിന് പിന്നാലെ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് പുതിയ കുറ്റപത്രം പുറത്തിറക്കി.

പതിറ്റാണ്ടുകളായി മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനും മഡുറോ തന്റെ അധികാരം ദുരുപയോഗം ചെയ്തുവെന്നാണ് കുറ്റാരോപണം.
ലോകത്തിലെ ഏറ്റവും അക്രമാസക്തരായ മയക്കുമരുന്ന് കടത്തുകാരുമായി ചേർന്ന് ടൺ കണക്കിന് കൊക്കെയ്ൻ അമേരിക്കയിലേക്ക് കടത്താൻ മഡുറോ ഗൂഢാലോചന നടത്തിയതായും കുറ്റപത്രത്തിൽ പറയുന്നു. വെനസ്വേലയിലെ രാഷ്ട്രീയ-സൈനിക പ്രമുഖർ ഈ നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കിയതായും യുഎസ് അധികൃതർ ആരോപിക്കുന്നു.
