ന്യൂയോര്‍ക്ക്: ഇസ്രയേൽ-ഗാസ യുദ്ധത്തിൽ സമാധാന കരാർ അന്തിമഘട്ടത്തിലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രായേൽ പ്രാരംഭ പിൻവലിക്കൽ കരാറിന് സമ്മതിച്ചതായി ട്രംപ് അറിയിച്ചു. കരാർ ഹമാസ് സ്ഥിരീകരിച്ചാൽ ഉടൻ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്നും ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റം നടക്കുമെന്നും ട്രംപ് സാമൂഹ്യ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

‘ചർച്ചകൾക്ക് ശേഷം, ഇസ്രയേൽ പ്രാരംഭ പിൻവലിക്കൽ രേഖ അംഗീകരിച്ചു. അത് ഹമാസിന് കൈമാറിയിട്ടുണ്ട്. ഹമാസ് സ്ഥിരീകരിക്കുമ്പോൾ, വെടിനിർത്തൽ ഉടനടി പ്രാബല്യത്തിൽ വരും. തുടർന്ന് ബന്ദികളുടെയും തടവുകാരുടെ കൈമാറ്റം ആരംഭിക്കും. അടുത്ത ഘട്ട പിൻവലിക്കലിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കും. 3,000 വർഷത്തെ ദുരന്തത്തിനായിരിക്കും അവസാനമാവുക,’ ട്രംപ് കുറിച്ചു.
അതേസമയം, ഗാസയിൽ ബന്ദികളെ ദിവസങ്ങൾക്കുള്ളിൽ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. നയതന്ത്രപരമായോ സൈനികമായോ ഹമാസിന്റെ നിരായുധീകരണം ഉണ്ടാകുമെന്നും നെതന്യാഹു വ്യക്തമാക്കി. എല്ലാ പ്രബലമായ പ്രദേശങ്ങളുടെയും നിയന്ത്രണം നിലനിർത്തുമെന്നും നെതന്യാഹു പറഞ്ഞു.

അതിനിടെ, ബന്ദികളെ മോചിപ്പിക്കാന്‍ തയ്യാറാണെന്ന് ഹമാസ് സമ്മതിച്ചതിനു പിന്നാലെ ഗാസയിലെ ബോംബാക്രമണം ഇസ്രയേല്‍ ഉടന്‍ നിര്‍ത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ട്രംപിന്റെ നിർദേശത്തിനു മണിക്കൂറുകള്‍ക്കു പിന്നാലെ ഇസ്രയേല്‍ ഇന്നലെ വീണ്ടും ഗാസയില്‍ ആക്രമണം തുടർന്നു. ഗാസ മുനമ്പിലുടനീളം ഡസൻ കണക്കിന് വ്യോമാക്രമണങ്ങൾ നടത്തിയതായാണ് വിവരം. 36 പേരോളം കൊല്ലപ്പെട്ടതായി പലസ്തീൻ ഉദ്യോഗസ്ഥർ അറിയിച്ചു.

