വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പിന്തുണച്ച അര്‍ജന്റീന ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് എതിരെ വ്യാപക വിമര്‍ശനം. 2025ലെ മേജര്‍ ലീഗ് സോക്കര്‍ ചാംപ്യന്മാരായ ഇന്റര്‍ മയാമിക്ക് വൈറ്റ് ഹൗസില്‍ നല്കിയ സ്വീകരണത്തില്‍ ഇറാനെതിരെയുള്ള ആക്രമണത്തെ ട്രംപ് ന്യായീകരിച്ച് സംസാരിച്ചിരുന്നു. ട്രംപിന്റെ ഈ പ്രസ്താവനയ്ക്ക് മെസി കൈയടിച്ചതാണ് വിവാദത്തിനിടയാക്കിയത്.

പിന്നാലെയാണ് കടുത്ത വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തിയത്. ആയിരക്കണക്കിനു ആളുകളുടെ മരണത്തിനു ഇടയാക്കിയ ആക്രമണത്തെ മെസി പിന്തുണയ്ക്കുന്നുവെന്ന ആക്ഷേപമാണ് കടുത്ത രീതിയില്‍ ആരാധകര്‍ ഉയര്‍ത്തുന്നത്.
ചടങ്ങിനിടെ മെസി ട്രംപിന് മയാമിയുടെ ജേഴ്സി കളറായ പിങ്ക് നിറത്തിലുള്ള ഫുട്ബോളും ഒപ്പിട്ട് സമ്മാനിച്ചു. ടീം അധികൃതര്‍ ജേഴ്സിയും വാച്ചും ട്രംപിനു സമ്മാനമായി നല്കി. മേജര്‍ ലീഗ് സോക്കര്‍ ചാംപ്യന്മാരാകുന്ന ടീമുകള്‍ വൈറ്റ് ഹൗസില്‍ എത്തി പ്രസിഡന്റിനൊപ്പം വിജയം ആഘോഷിക്കുന്ന പതിവുണ്ട്. ഇതിന്റെ ഭാഗമായാണ് മെസി അടക്കമുള്ള ടീം അംഗങ്ങള്‍ വൈറ്റ് ഹൗസിലെത്തി ട്രംപിനൊപ്പം ജയം ആഘോഷിച്ചത്.

ഇതിന്റെ വിഡിയോയും ഫോട്ടോയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് അതിനു താഴെ ആരാധകര്‍ വിമര്‍ശനവുമായി എത്തിയത്. ചിലര്‍ അഭിനന്ദനം അറിയിച്ചും പോസ്റ്റുകള്‍ ഇടുന്നുണ്ട്. അതിനിടെ പെലെയേക്കാള്‍ മികച്ച താരം മെസിയാണെന്ന അഭിപ്രായവും ട്രംപ് പങ്കിട്ടു.

