വാഷിംഗ്ടൺ: ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സമിതികളും ഇന്ത്യയുടെ നേതൃത്വത്തിലുള്ള ഇന്റർനാഷണൽ സോളാർ അലയൻസും ഉൾപ്പെടെ 66 അന്താരാഷ്ട്ര സംഘടനകളിൽ നിന്ന് അമേരിക്കയെ പിൻവലിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ സംഘടനകൾ അനാവശ്യമാണെന്നും അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ ഈ കടുത്ത നടപടി.

അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ സംഘടനകളിൽ നിന്നും ഉടമ്പടികളിൽ നിന്നും പിന്മാറുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക മെമ്മോറാണ്ടത്തിൽ ട്രംപ് ഒപ്പുവെച്ചു. എത്രയും വേഗം പിന്മാറ്റ നടപടികൾ പൂർത്തിയാക്കാൻ എല്ലാ വകുപ്പുകൾക്കും അദ്ദേഹം നിർദ്ദേശം നൽകി.
അമേരിക്കയുടെ ഈ പിന്മാറ്റം ആഗോളതലത്തിൽ വലിയൊരു നേതൃശൂന്യത സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അമേരിക്ക നൽകി വന്നിരുന്ന വൻതോതിലുള്ള ഫണ്ടിംഗ് ഇല്ലാതാകുന്നത് സംഘടനകളുടെ പ്രവർത്തനത്തെ ബാധിക്കും. ഈ സാഹചര്യം മുതലെടുത്ത് ചൈന ഈ സംഘടനകളിൽ തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കുമെന്ന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആശങ്കപ്പെടുന്നു.

