ടെഹ്റാൻ: ഇറാനിലെ മനുഷ്യാവകാശ പോരാട്ടങ്ങളുടെ മുഖമായ നർഗീസ് മുഹമ്മദിക്ക് ഏഴ് വർഷത്തിലധികം അധിക തടവുശിക്ഷ കൂടി വിധിച്ച് ഇറാനിലെ കോടതി. ജയിലിൽ നിരാഹാര സമരം ആരംഭിച്ചതിന് പിന്നാലെയാണ് ഈ നടപടിയെന്ന് അവരുടെ അനുയായികൾ ഞായറാഴ്ച അറിയിച്ചു. രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൻ്റെ ഭാഗമായാണ് ഇറാൻ ഭരണകൂടം ഈ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്.

മഷാദ് നഗരത്തിലെ കോടതിയാണ് പുതിയ വിധി പ്രസ്താവിച്ചത്. ‘കൂട്ടുകൂടൽ, ഗൂഢാലോചന’ എന്നീ കുറ്റങ്ങൾ ചുമത്തി ആറ് വർഷവും, ‘ഭരണകൂട വിരുദ്ധ പ്രചാരണം’ നടത്തിയതിന് ഒന്നര വർഷവും ഉൾപ്പെടെയാണ് ശിക്ഷ. തടവ് കാലാവധിക്ക് ശേഷം ടെഹ്റാനിൽ നിന്നും 740 കിലോമീറ്റർ അകലെയുള്ള ഖോസ്ഫ് എന്ന നഗരത്തിലേക്ക് രണ്ട് വർഷത്തേക്ക് നാടുകടത്താനും കോടതി ഉത്തരവിട്ടു.
ആരോഗ്യനില മോശമായതിനെത്തുടർന്ന് ഫെബ്രുവരി 2 മുതൽ നർഗീസ് നിരാഹാര സമരത്തിലായിരുന്നു. ശിക്ഷാവിധി വന്നതിന് പിന്നാലെ ഞായറാഴ്ച അവർ സമരം അവസാനിപ്പിച്ചു. 53 വയസുകാരിയായ നർഗീസ് ഹൃദയസംബന്ധമായ അസുഖങ്ങളും കാൻസർ ഭീഷണിയും നേരിടുന്നുണ്ട്. ഇത്രയും മോശമായ ആരോഗ്യസ്ഥിതിയിലും അവരെ ജയിലിലേക്ക് തിരിച്ചയക്കുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

നർഗീസ് മുഹമ്മദിയുടെ അഭിഭാഷകനെ ഉദ്ധരിച്ചാണ് അവരുടെ അനുയായികൾ കടുത്ത ശിക്ഷയുടെ വിവരം പുറത്തുവിട്ടത്. നർഗീസുമായി സംസാരിച്ച അഭിഭാഷകൻ മൊസ്തഫ നിലി , ശിക്ഷാവിധി ശരിയാണെന്ന് എക്സിലൂടെ സ്ഥിരീകരിച്ചു. മഷാദ് നഗരത്തിലെ വിപ്ലവ കോടതിയാണ് ശനിയാഴ്ച ഈ വിധി പുറപ്പെടുവിച്ചത്. സാധാരണയായി ഇത്തരം കോടതികളിൽ പ്രതികൾക്ക് തങ്ങളുടെ മേൽ ചുമത്തപ്പെട്ട കുറ്റങ്ങളെ എതിർക്കാൻ വളരെ കുറഞ്ഞ അവസരം മാത്രമേ ലഭിക്കാറുള്ളൂവെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

