വാഷിംഗ്ടൺ: ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ, പ്രതിഷേധക്കാർക്കെതിരെ അക്രമാസക്തമായ നടപടികൾ സ്വീകരിക്കുന്നതിനെതിരെ ഇറാൻ സർക്കാരിന് കർശന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രക്ഷോഭകാരികളെ അടിച്ചമർത്താനാണ് നീക്കമെങ്കിൽ അമേരിക്ക ശക്തമായി പ്രതികരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.

സമാധാനപരമായി പ്രതിഷേധിക്കുന്ന ഇറാനിലെ ജനങ്ങളുടെ അവകാശങ്ങളെ മാനിക്കണമെന്നും അധികാരികൾ വെടിയുതിർത്താൽ അമേരിക്ക തിരിച്ചടിക്കുമെന്നും ട്രംപ് പറഞ്ഞു. ലോകം നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ഇറാൻ ഭരണകൂടത്തെ ഓർമ്മിപ്പിച്ച ട്രംപ്, മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്നും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വ്യക്തമാക്കി.
കരയിലേക്ക് സൈന്യത്തെ അയയ്ക്കുക എന്നല്ല താൻ ഉദ്ദേശിച്ചതെന്നും ട്രംപ് കൂട്ടിച്ചേർത്തു. രാജ്യവ്യാപകമായി പടരുന്ന പ്രതിഷേധങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറംലോകം അറിയാതിരിക്കാൻ ഇറാൻ സർക്കാർ പലയിടങ്ങളിലും ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായും തടഞ്ഞിട്ടുണ്ട്. ഇറാനും ദുബായിക്കും ഇടയിലുള്ള വിമാന സർവീസുകളും റദ്ദാക്കിയതായി വിമാനത്താവള ഡാറ്റ വ്യക്തമാക്കുന്നു.

അതിനിടെ, പ്രക്ഷോഭത്തിനു മുന്നിൽ മുട്ടുമടക്കില്ലെന്നു പ്രഖ്യാപിച്ച് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി, പ്രക്ഷോഭകർ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏജന്റുമാരാണെന്ന് ആരോപിച്ചു. അഹങ്കാരത്തോടെ ലോകത്തെ വിധിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ തകർച്ച ഉടൻ ഉണ്ടാകുമെന്നും ഖമേനി മുന്നറിയിപ്പ് നൽകി.

