ടെൽഅവീവ്: ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് പിന്നാലെ ബന്ദികളുടെ മോചനത്തിൽ അവ്യക്തത തുടരുന്നു. വെടിനിർത്തൽ കരാർ പ്രകാരം ഹമാസ് തടവിലാക്കിയ ബന്ദികളെ മോചിപ്പിക്കുന്നതിന് പകരം ഇസ്രായേൽ തങ്ങളുടെ തടവറകളിലുള്ള 250പേരെ മോചിപ്പിക്കും. എന്നാൽ, ഇസ്രായേൽ ജയിലിലുള്ള പലസ്തീനിലെ ഏറ്റവും ജനപ്രിയ നേതാവായ മർവാൻ ബർഗൗട്ടിയെ മോചിപ്പിക്കാനാവില്ലെന്നാണ് ഇസ്രായേൽ നിലപാട്. ഇതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

ബർഗൗട്ടിയെയും മറ്റ് ഉന്നത വ്യക്തികളെയും മോചിപ്പിക്കണമെന്നാണ് ഹമാസിന്റെ നിലപാട്. എന്നാൽ ബർഗൗട്ടിയെ ഭീകരവാദ നേതാവായാണ് ഇസ്രായേൽ കണക്കാക്കുന്നത്. 2004-ൽ ഇസ്രായേലിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ഒരു ആക്രമണത്തിന് പിന്നാലെയാണ് ബർഗൗട്ടി ജയിലിലാകുന്നത്. ഇയാൾ പുറത്തിറങ്ങിയാൽ വീണ്ടും ആക്രമണങ്ങൾ തുടരുമെന്നാണ് ഇസ്രേയേൽ നിലപാട്.
അതേസമയം, വെടിനിർത്തൽ കരാറിന്റെ ഉറപ്പിൽ പതിനായിരക്കണക്കിന് പലസ്തീൻ ജനത ഗാസയിലേയ്ക്ക് തിരിച്ചെത്തി തുടങ്ങി. ഇസ്രയേൽ സൈന്യം യുദ്ധമുഖത്ത് നിന്നും ഒഴിയുമ്പോൾ ഗാസ ഇനിയാര് ഭരിക്കുമെന്നും ഹമാസ് നിരായുധീകരിക്കുമോ തുടങ്ങിയ ആശങ്കകളാണ് ലോക ജനതയുടെ മനസിൽ. മാർച്ചിൽ ഏകപക്ഷീയമായി വെടി നിർത്തൽ ആരംഭിച്ചപ്പോൾ ഹമാസ് ആയുധങ്ങൾ ഉപേക്ഷിച്ചില്ലെങ്കിൽ ആക്രമണം പുനരാരംഭിച്ചേക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചിൻ നെതന്യാഹു സൂചിപ്പിച്ചിരുന്നു. ഗാസയിലെ ചിലയിടങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുമെന്നും നെതന്യാഹു പറഞ്ഞു.

ഇസ്രയേൽ പലസ്തീൻ സംഘർഷത്തിന്റെ 2023 ഒക്ടോബർ 7ന് ആരംഭിച്ച പുതിയ പതിപ്പിൽ 67,000ത്തിലധികം പലസ്തീൻ ജനത മരിച്ചതായും 1,70,000 ത്തോളം പേർക്ക് പരിക്കേറ്റതായും ഗാസയിലെ ആരോഗ്യ മന്ത്രാലയം പറയുന്നു. മരണങ്ങളിൽ പകുതിയോളം സ്ത്രീകളും കുട്ടികളുമാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

