ന്യൂഡൽഹി: ഗാസ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിങ്കളാഴ്ച ഈജിപ്തിലെ ഷാം-എൽ ഷെയ്ക്കിൽ നടക്കുന്ന ‘സമാധാന ഉച്ചകോടിയിൽ’ പങ്കെടുക്കാനാണ് മോദിയെ ട്രംപ് ക്ഷണിച്ചത്. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയും ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദിയെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്.ശനിയാഴ്ചയാണ് ഇരുവരുടെ ക്ഷണം പ്രധാനമന്ത്രിയ്ക്ക് ലഭിച്ചതെന്ന് പ്രധാമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വൃത്തങ്ങൾ പറഞ്ഞു.

അതേസമയം ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ഉച്ചകോടിയിൽ മോദിയുടെ പങ്കാളിത്തം പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, തിങ്കളാഴ്ച ട്രംപിന്റെയും അബ്ദുൽ ഫത്താഹ് അൽ-സിസിയുടെയും സംയുക്ത അധ്യക്ഷതയിൽ ചേരുന്ന ഉച്ചകോടിയിൽ 20-ഓളം ലോകനേതാക്കൾ പങ്കെടുക്കുമെന്ന് ഈജിപ്ത് പ്രസിഡന്റിന്റെ ഓഫീസിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നരേന്ദ്ര മോദി ഉച്ചകോടിയിൽ പങ്കെടുക്കുന്നത് വഴി ഇന്ത്യയ്ക്ക് നിർണായക സ്വാധീനം ദക്ഷിണേഷ്യയിൽ ഉറപ്പിക്കാനാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ഏഷ്യയിലെ പ്രബല ശക്തിയെന്ന് നിലയിലാണ് ഇന്ത്യയ്ക്ക് ഉച്ചകോടിയിലേക്ക ക്ഷണം ലഭിച്ചത്. ഇത് ആഭ്യന്തര സംഘർഷങ്ങൾ നിലനിൽക്കുന്ന ദക്ഷിണേഷ്യയിൽ ഇന്ത്യയുടെ സ്വാധീനം വർധിപ്പിക്കാൻ സഹായിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

ഇതിനുപുറമേ, നരേന്ദ്ര മോദി യോഗത്തിൽ പങ്കെടുത്താൻ മോദി-ട്രംപ് കൂടിക്കാഴ്ച ഉണ്ടാകാനും സാധ്യതയുണ്ട്. ഇത് നിലവിൽ വഷളായ ഇന്ത്യ-അമേരിക്ക ബന്ധം പൂർവ്വസ്ഥിതിയിലാക്കാനും സഹായിക്കും. ഇതിനുപുറമേ ഈജിപ്തുമായുള്ള നയതന്ത്ര ബന്ധം കൂടുതൽ ഊഷ്മളമാക്കാനും കഴിയുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

